കൊച്ചി: ലഹരി കേസിൽ അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശുമായി ബന്ധമില്ലെന്ന് യുവനടി പ്രയാഗാ മാർട്ടിൻ. താൻ ലഹരി ഉപയോഗിച്ചിട്ടില്ലെന്നും നടി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ലഹരി കേസിൽ അറസ്റ്റിലായ ഓംപ്രകാശിന്റെ റിമാൻഡ് റിപ്പോർട്ടിൽ പ്രയാഗാ മാർട്ടിന്റെയും ശ്രീനാഥ് ഭാസിയുടേയും പേരുകൾ ഉണ്ടായിരുന്നു. ശ്രീനാഥ് ഭാസിയും പ്രയാഗാ മാർട്ടിനും ഓംപ്രകാശിന്റെ മുറി സന്ദർശിച്ചു എന്നാണ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് പറയുന്നത്. ഓംപ്രകാശിനെ പിടികൂടുന്ന സമയത്ത് ഇരുവരും തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്നു.
ഇന്നലെയാണ് കൊച്ചി മരടിലെ ആഢംബര ഹോട്ടലിൽ വെച്ച് ഓംപ്രകാശിനെയും കൂട്ടാളി ഷഹാസിനേയും പൊലീസ് സംഘം പിടികൂടിയത്. ബോൾഗാട്ടിയിലെ ഡിജെ പരിപാടി സംഘടിപ്പിക്കാൻ എത്തിയതായിരുന്നു ഇയാൾ. ഇവരുടെ മുറിയിൽ നിന്ന് രാസലഹരിയും മദ്യക്കുപ്പികളും കണ്ടെടുത്തിരുന്നു.
ഓംപ്രകാശിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലേക്കും പൊലീസ് അന്വേഷണം വ്യാപിക്കുന്നുണ്ട്. ഹോട്ടലിലെ മൂന്ന് മുറികൾ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. ഇതിൽ ലഹരി പാർട്ടി നടന്നതായി പൊലീസിന് വിവരം ലഭിച്ചു. 20 പേർ പങ്കെടുത്തുവെന്നാണ് പൊലീസ് കണ്ടെത്തൽ. അതേസമയം കേസില്‍ ഒന്നാം പ്രതി ഷിയാസിനും ഓംപ്രകാശിനും കോടതി ജാമ്യം അനുവദിച്ചു. എറണാകുളം ജ്യൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.















