ന്യൂഡൽഹി: നക്സലുകൾ ആയുധങ്ങളുപേക്ഷിച്ച് മുഖ്യധാരയിലേക്ക് കടന്നുവരണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇടതുപക്ഷ തീവ്രവാദം കൂടുതലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചേർന്ന അവലോകന യോഗത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. ഭാരതത്തിന്റെ വടക്കുകിഴക്കൻ മേഖലയിലും ജമ്മു കശ്മീരിലുമായി 13,000ത്തോളം പേർ ആയുധം കൈവെടിഞ്ഞ് മുഖ്യധാരയുടെ ഭാഗമായതായും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡിലെ ആഭ്യന്തരവകുപ്പിനെയും ഡിജിപിയേയും മുഖ്യമന്ത്രിയേയും അമിത് ഷാ അഭിനന്ദിച്ചു. ജനുവരി മുതലുള്ള കണക്കുകൾ പ്രകാരം ഇതുവരെ സംസ്ഥാനത്ത് 194 നക്സലുകളെ വധിച്ചു. 801 നക്സലുകൾ അറസ്റ്റിലായെന്നും 742 പേർ കീഴടങ്ങിയതായും കേന്ദ്രമന്ത്രി അറിയിച്ചു. “നക്സലിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവജനങ്ങളോട് അഭ്യർത്ഥിക്കുകയാണ്. നിങ്ങൾ ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് കടന്നുവരണം.”- അമിത് ഷാ പറഞ്ഞു.
2004-2014 കാലഘട്ടത്തിൽ സെക്യൂരിറ്റി റിലേറ്റഡ് എക്സപെൻഡീച്ചർ സ്കീം വിഭാഗത്തിൽ (SRE) 1,180 കോടി രൂപയാണ് കേന്ദ്രസർക്കാർ ചെലവഴിച്ചത്. എന്നാൽ 2014-2024 കാലത്ത് ഇത് 3,006 കോടി രൂപയായിരുന്നു. നക്സൽ ബാധിത പ്രദേശങ്ങളിൽ വികസനപ്രവർത്തനങ്ങൾ തടസം കൂടാതെ നടപ്പിലാക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് SRE. പ്രത്യേക സെൻട്രൽ അസിസ്റ്റൻസ് സ്കീം മുഖേന കഴിഞ്ഞ പത്ത് വർഷത്തിനിടെ 3,590 കോടി രൂപ കേന്ദ്രസർക്കാർ വകയിരുത്തിയെന്നും അമിത് ഷാ അറിയിച്ചു.