ന്യൂഡൽഹി: ആർജെഡി നേതാവ് തേജസ്വി യാദവിനെതിരെ മോഷണ ആരോപണവുമായി ബിജെപി. പട്‌നയിലെ ഉപമുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിയുന്നതിനിടെ ബംഗ്ലാവിലെ ചെടിച്ചട്ടി സഹിതം തേജസ്വി യാദവ് മോഷ്ടിച്ചുവെന്നാണ് ആരോപണം.
നിലവിലെ ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ പേഴ്‌സണൽ സെക്രട്ടറി ശത്രുധൻ കുമാറാണ് ആരോപണം ഉന്നയിച്ചത്. ഔദ്യോഗിക ബംഗ്ലാവിൽ നിന്ന് സോഫ, ചെടിച്ചട്ടികൾ, എയർകണ്ടീഷണറുകൾ,വാഷ് ബേസിൻ, കിടക്ക എന്നിവയുൾപ്പെടെ നിരവധി സാധനങ്ങൾ നഷ്ടപ്പെട്ടതായി ശത്രുധൻകുമാർ ആരോപിച്ചു.
ആരോപണങ്ങൾ അല്ല ഉന്നയിക്കുന്നതെന്നും ക്യാമറയിൽ തെളിവുകൾ ഉണ്ടെന്നും ബിജെപി വക്താവ് ഡാനിഷ് ഇഖ്ബാൽ പറഞ്ഞു. സർക്കാരിന്റെ വസ്തുക്കൾ അപ്രത്യക്ഷമായതിൽ തേജസ്വി യാദവ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപമുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി സാമ്രാട്ട് ചൗധരിക്കായി ഒഴിഞ്ഞു നൽകണമെന്ന ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് തേജസ്വി യാദവ് പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് മാറാൻ നിർബന്ധിതനായത്.















