ഒരു ജോലിക്ക് അപേക്ഷിച്ചാൽ മറുപടി ലഭിക്കാൻ ദിവസങ്ങളെടുത്തേക്കാം. ചിലപ്പോൾ മാസങ്ങൾ കാത്തിരിക്കേണ്ടി വരും. എന്നാൽ മറുപടി ലഭിക്കുന്നത് വർഷങ്ങൾക്ക് ശേഷമാണെങ്കിലോ? ഒന്നും രണ്ടും വർഷമല്ല. 48 വർഷങ്ങൾക്ക് ശേഷമാണ് യുകെ സ്വദേശിനിക്ക് മറുപടി ലഭിച്ചത്.
1976-ലാണ് ടിസി ഹോഡ്സൺ ജോലിക്ക് അപേക്ഷ അയച്ചത്. മോട്ടോർ സൈക്കിൾ സ്റ്റണ്ടർ ആവണമെന്ന ആഗ്രഹം കൊണ്ടായിരുന്നു അവർ ആപ്ലിക്കേഷൻ നൽകിയത്. ഈ മേഖല വളരെയധികം പ്രയാസമായതിനാൽ സ്ത്രീകളെ ജോലിക്ക് എടുക്കുന്നത് കുറവായിരുന്നു. ഇത് തന്റെ അവസരം നഷ്ടപ്പെടുത്താൻ കാരണമായേക്കാം എന്ന ഭയത്താൽ സ്ത്രീയാണെന്ന കാര്യം മറച്ചാണ് ടിസി അപേക്ഷ അയച്ചത്.
ദിവസങ്ങൾ കടന്നു പോയി, മാസങ്ങൾ കടന്നു പോയി, വർഷങ്ങളും കടന്നു പോയി. ഒടുവിൽ 48 വർഷങ്ങൾക്ക് ശേഷം ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള കത്ത് ലഭിച്ചു. എന്നാൽ മറുപടി ലഭിച്ചപ്പോഴേക്കും വളരെയധികം വൈകിയിരുന്നു. ഇന്ന് ടിസിക്ക് 70 വയസുണ്ട്.
പോസ്റ്റ് ഓഫീസുകാരുടെ അനാസ്ഥ മൂലമാണ് കത്ത് കിട്ടാൻ വൈകിയതെന്നാണ് ടിസി പറയുന്നത്. എന്നാൽ 48 വർഷങ്ങൾക്ക് ശേഷം പോസ്റ്റ് ഓഫീസിലെ പഴയൊരു പെട്ടിയിൽ ഡെലിവറി ചെയ്യാത്ത കത്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ആരോ, തന്റെ മേൽവിലാസം കണ്ടെത്തി കത്ത് അയക്കുകയായിരുന്നുവെന്നും അവർ പറയുന്നു.
ഇതിനിടയിൽ ടിസി താമസസ്ഥലങ്ങൾ മാറിയിരുന്നു. എന്നിട്ടും എങ്ങനെയാണ് 48 വർഷങ്ങൾക്ക് ശേഷം തന്റെ കയ്യിലേക്ക് കത്ത് ലഭിച്ചതെന്ന് നിഗൂഢമായി തുടരുകയാണെന്നും ടിസി അത്ഭുതത്തോടെ പറഞ്ഞു. മറുപടിക്കായി ഒരുപാട് കാലം കാത്തിരുന്നു. മറുപടി ലഭിക്കാതെ വന്നതോടെ നിരാശയായി. ഇതിനിടയിൽ പാമ്പുപിടുത്തകാരിയായും എയറോബാറ്റിക് പൈലറ്റും, പരിശീലകയായുമൊക്കെ ജോലി ചെയ്തുവെന്നും അവർ പറയുന്നു.















