ദുബായ്: ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂംബെർഗ്. സ്‌പേസ്എക്‌സ്, ടെസ്ല, എക്‌സ് മേധാവി ഇലോൺ മസ്‌കാണ് പട്ടികയിൽ ഒന്നാമത്. 263 ബില്യൺ ഡോളർ ആസ്തിയാണ് മസ്‌കിനുള്ളത്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി മെറ്റ മേധാവി മാർക്ക് സക്കർബർഗ് രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ മുകേഷ് അംബാനിയാണ്.
6.73 ബില്യൺ ഡോളറിന്റെ വർധനവാണ് ഇലോൺ മസ്‌കിന്റെ ആസ്തിയിലുണ്ടായത്. 211 ബില്യൺ ഡോളറിന്റെ ആസ്തിയോടെയാണ് സക്കർബർഗ് രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. സക്കർബർഗിന്റെ ആസ്തിയിൽ 451 കോടി ഡോളറാണ് വർദ്ധിച്ചത്. മൂന്നാം സ്ഥാനത്തുള്ള ജെഫ് ബെസോസിന് 209 ബില്യൺ ഡോളറിന്റെ ആസ്തിയാണുള്ളത്.
ഫ്രഞ്ച് ആഡംബര ഫാഷൻ ബ്രാൻഡായ എൽവിഎംഎച്ച് മേധാവി ബെർണാഡ് അർണോയാണ് നാലാംസ്ഥാനത്ത്. 193 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ബെർണാഡിനുള്ളത്. മുകേഷ് അംബാനിയാണ് ഇന്ത്യയിൽ നിന്ന് പട്ടികയിൽ മുന്നിലുള്ളത്. 105 ബില്യൺ ഡോളർ ആസ്തിയോടെ പതിന്നാലാം സ്ഥാനത്താണ് മുകേഷ് അംബാനി. 99.5 ബില്യൺ ഡോളർ ആസ്തിയോടെ പതിനെട്ടാം സ്ഥാനത്തുള്ള ഗൗതം അദാനിയാണ് രണ്ടാമത്.
ആദ്യ നൂറ് പേരുടെ പട്ടികയിൽ 59 പേരും യുഎസ്, ഇന്ത്യ, ചൈന രാജ്യങ്ങളിൽ നിന്നുള്ളവരാണ്. യുഎസ്സിൽ നിന്ന് 35 പേരും ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും 12 പേർ വീതവും ഇടം ആദ്യ നൂറുപേരിൽ ഇടംപിടിച്ചു.















