ന്യൂഡൽഹി: ‘ഒല ഇലക്ട്രിക്കി’ന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട ഉപഭോക്തൃ പരാതികൾ വർദ്ധിച്ച സാഹചര്യത്തിൽ വിഷയത്തിൽ ഇടപെട്ട് കേന്ദ്ര സർക്കാർ. ഒരു വർഷത്തിനുള്ളിൽ തന്നെ ആയിരക്കണക്കിന് പരാതികൾ ലഭിച്ചതിനെ തുടർന്ന് ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ‘ഒല’യ്‌ക്ക് കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് അയച്ചതായാണ് റിപ്പോർട്ടുകൾ. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA) യാണ് ഒല ഇലക്ട്രിക്കിന് നോട്ടീസ് നൽകിയിരിക്കുന്നത്.
സേവനത്തിലെ പോരായ്മ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, ഉപഭോക്തൃ അവകാശ ലംഘനങ്ങൾ എന്നിവയുൾപ്പെടെ 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ഒന്നിലധികം വ്യവസ്ഥകൾ ഒല ഇലക്ട്രിക് ലംഘിച്ചുവെന്ന് കേന്ദ്രം അറിയിച്ചു. നോട്ടീസിന് മറുപടി നൽകാൻ കമ്പനിക്ക് 15 ദിവസത്തെ സമയം നൽകിയിട്ടുണ്ട്.
2023 സെപ്തംബർ 1 നും 2024 ഓഗസ്റ്റ് 30 നും ഇടയിൽ, ഉപഭോക്തൃകാര്യ വകുപ്പ് നിയന്ത്രിക്കുന്ന നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈൻ ഒലയുടെ ഇ-സ്കൂട്ടറുകളുമായി ബന്ധപ്പെട്ട് 10,644 പരാതികൾ രേഖപ്പെടുത്തി. സേവനത്തിൽ കാലതാമസം വരുത്തിയതുമായി ബന്ധപ്പെട്ട് 3,389 കേസുകളും, ഡെലിവറി കാലതാമസവുമായി ബന്ധപ്പെട്ട 1,899 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. 1,459 പരാതികൾ കമ്പനിയുടെ വാഗ്ദാനങ്ങൾ പാലിക്കാത്തതിനെതിരെയാണ്.
വാഹനങ്ങളിലെ നിർമ്മാണ തകരാറുകൾ, സെക്കന്റ്-ഹാൻഡ് സ്കൂട്ടറുകൾ ഡെലിവറി ചയ്യുന്നു, ബുക്കിങ് കാൻസൽ ചെയ്തിട്ടും പണം തിരികെ ലഭിക്കുന്നില്ല, സർവീസ് ചെയ്തതിനുശേഷവും നിരന്തരം പ്രശ്നങ്ങൾ, അമിത ചാർജിംഗ്, ബാറ്ററിയിൽ പതിവ് തകരാറുകൾ തുടങ്ങിയ പരാതികളാണ് ഒലയുടെ ഇലക്ട്രിക്ക് സ്കൂട്ടറുകൾക്കെതിരെ വ്യാപകമായി ഉയർന്നുവരുന്നത്. വിഷയത്തിൽ ഒല ഇലക്ട്രിക് പ്രതികരിച്ചിട്ടില്ല.