ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. സംസ്ഥാനത്തിന്റെ വികസന പദ്ധതികൾ ചർച്ച ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വെള്ളപ്പൊക്കെ ദുരിതാശ്വാസ ഫണ്ട് വലിയ ചർച്ചയായതായാണ് വിവരം.
കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വിവിധ റെയിൽ പദ്ധതികളുമായി ബന്ധപ്പെട്ട ചർച്ചകൾ സംഘടിപ്പിക്കും. ആന്ധ്രയിലെ ജനങ്ങൾ വളരെ പ്രതീക്ഷയോടെ നോക്കി കാണുന്ന വിശാഖ റെയിൽവേ സോണിന്റെ ഭൂമിപൂജ മൂഹൂർത്തം നിശ്ചയിക്കുന്നത് സംസാരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അടിസ്ഥാന സൗകര്യങ്ങൾ, വിശാഖ സ്റ്റീൽ പ്ലാൻ്റ്, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്തയയുമായി ലയിപ്പിക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്യും. പോളവാരം പദ്ധതിയുടെ തുക കൈമാറ്റം എന്നിവയും ചർച്ചയാകും.
യുവാക്കൾക്കും തൊഴിൽ അന്വേഷകർക്കും ഗുണം ചെയ്യുന്നതിനായി സർക്കാർ നൈപുണ്യ സെൻസസ് പദ്ധതി ആരംഭിച്ചിരുന്നു. വീടുതോറുമുള്ള സർവേയിലൂടെ നൈപുണ്യ വികസനമാണ് ലക്ഷ്യമിടുന്നത്. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ പൊതു-സ്വകാര്യ മേഖലകളിലായി രണ്ട് ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അതിനായുള്ള പരിശ്രമങ്ങളിലാണെന്നും വിജയം കാണുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വ്യവസായ സ്ഥാപനങ്ങളെയും കമ്പനികളെയും പൊളിടെക്നിക് കോളേജുകളുമായി ബന്ധിപ്പിക്കുക, ജില്ല തോറും പ്രതിമനസം തൊഴിൽ മേള സംഘടിപ്പിക്കുക എന്നിവയും പദ്ധതിയുടെ ഭാഗമാണ്.















