ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മാലദ്വീപിന് ഭാരതത്തിന്റെ കൈത്താങ്ങ്. 6,300 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുമായി മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസും നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് സുപ്രധാന പ്രഖ്യാപനം.
ഇന്ത്യൻ റഡാർ സംവിധാനങ്ങളും മറ്റ് ഉപകരണങ്ങളും മാലദ്വീപിന് വിതരണം ചെയ്യും. ഇതുവഴി ദ്വീപ് രാഷ്‌ട്രത്തിന്റെ സമുദ്ര നിരീക്ഷണ ശേഷി വർദ്ധിപ്പിക്കും. വ്യാപാരം, ഡിജിറ്റലൈസേഷൻ, ധനകാര്യം തുടങ്ങിയ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുമുള്ള സുപ്രധാന നടപടികൾ ഉൾപ്പെടെ സമഗ്രമായ സാമ്പത്തിക-സമുദ്ര സുരക്ഷാ പങ്കാളിത്തത്തിനായുള്ള ദർശന രേഖയും ഇരു നേതാക്കളും സംയുക്തമായി പുറത്തിറക്കി.
വരും ദിവസങ്ങളിൽ രാജ്യത്ത് റുപേ കാർഡിന്റെ ഔദ്യോഗിക ലോഞ്ചും നടത്തി. ഇന്ത്യയുടെ സഹായത്തോടെ വിമാനത്താവള പുനർവികസന പദ്ധതിക്ക് കീഴിൽ നിർമിച്ച പുതിയ റൺവേ ഉടൻ ജനങ്ങൾക്കായി തുറന്നു നൽകി. ഹനിമധൂ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ റൺവേയാണ് ഇരു നേതാക്കളും ഒരുമിച്ച് ഉദ്ഘാടനം ചെയ്തത്.
റൂപേ കാര്‌ഡ് ലോഞ്ച് ഇന്ത്യ-മാലദ്വീപ് ബന്ധം ശക്തിപ്പെടുന്നതിന് വഴിയൊരുക്കുമെന്ന് മുയിസു വ്യക്തമാക്കി. മാലദ്വീപിന്റെ ജീവനാഡിയായ ടൂറിസം മേഖലയിൽ വൻ മുന്നേറ്റത്തിന് ഇത് വഴിയൊരുക്കും. ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പണരഹിത ഇടപാടുകൾ നടത്താനും ചെലവ് കുറയ്‌ക്കാനും സൗകര്യം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം. സമ്പന്നമായ വ്യാപാരത്തിലൂടെയും വിനിമയത്തിലൂടെയും അത് ദൃഢമാണെന്നും പരസ്പരമായ ബഹുമാനവും അചഞ്ചലമായ പിന്തുണയുമാണ് ഇതിന്റെ നട്ടെല്ലെന്നും മുയിസും പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ മാലദ്വീപിൽ ആദ്യം പ്രതികരിച്ചത് ഇന്ത്യയാണ്. നയബന്ധം കൂടുതൽ ഉയരങ്ങൾ കീഴടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















