ലഹരിക്കേസിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് കെ.കെ ഓം പ്രകാശിനെ കാണാൻ ആഡംബര ഹോട്ടലിലെത്തിയവരിൽ നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയുമെത്തിയെന്ന വാർത്ത ഞെട്ടലിലോടെയാണ് സിനിമാലോകം കേട്ടത്. ഇതിന് പിന്നാലെ പരിഹാസം നിറഞ്ഞ സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുകയാണ് പ്രയാഗ. ‘ഹഹാ ഹിഹി ഹുഹു’ എന്നെഴുതിയ ബോർഡാണ് സ്റ്റോറിയായി പോസ്റ്റ് ചെയ്തിരിക്കുന്നത്.
പിആർ വിവാദവുമായി ബന്ധപ്പെട്ട് ഗൗരവമുള്ള ചോദ്യങ്ങൾ ചോദിച്ച മാദ്ധ്യമങ്ങളെ പരിഹാസ ചിരിയോടെയാണ് മുഖ്യമന്ത്രി നേരിട്ടത്. ഉത്തരം മുട്ടിയതോടെയായിരുന്നു മുഖ്യമന്ത്രിയുടെ ചിരിച്ചുള്ള രക്ഷപ്പെടൽ. ഇതിന് പിന്നാലെ സൈബറിടങ്ങളിൽ ഹഹഹ ചിരി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പ്രയാഗയും സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.
വാർത്ത പുറം ലോകമറിഞ്ഞതോടെ പ്രയാഗ മാർട്ടിന്റെ സമൂഹമാദ്ധ്യമ പോസ്റ്റുകളിൽ കമൻ്റ് മഴയാണ്. വെറുതെയല്ല കിളി പാറി നടന്നതെന്നും അകത്താകുമോ എന്നൊക്കെയാണ് കമൻ്റ് ബോക്സിൽ ഉയരുന്ന ചോദ്യങ്ങൾ.
കുപ്രസിദ്ധ ഗുണ്ടാനേതാവായ ഓംപ്രകാശിനെ കൊച്ചി കുണ്ടന്നൂരിലെ ഹോട്ടലിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കൂട്ടാളി കൊല്ലം സ്വദേശിയായ മരവ്യവസായി ഷിഹാസിനെയും അറസ്റ്റ് ചെയ്തിരുന്നു. ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് ഇരുവരെയും പിടികൂടിയത്. താരങ്ങൾ അടക്കം 20 പേർ ഹോട്ടിലിലെത്തി ഓം പ്രകാശിനെ സന്ദർശിച്ചതായാണ് കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നത്. ഇവരെ ഇന്നും നാളെയുമായി വിളിച്ച് വരുത്തി ചോദ്യം ചെയ്യും.
സ്റ്റേഷനിൽ ഹാജരാക്കാൻ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ അടക്കമുള്ളവർക്ക് പൊലീസിന്റെ നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഓം പ്രകാശിനെ മറ്റൊരു സുഹൃത്ത് പരിചയപ്പെടുത്തി നൽകിയതാണെന്ന് താരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു.