വരാണസി ; പ്രസാദം ഉണ്ടാക്കുന്നതിലും, സംഭാവനകൾ ചെലവഴിക്കുന്നതിലും പുതിയ സംവിധാനങ്ങളുമായി കാശി വിശ്വനാഥ ക്ഷേത്രം .ശുദ്ധവും സാത്വികവും പവിത്രവുമായ അന്തരീക്ഷത്തിൽ ഒരു ഏജൻസി മാത്രം പ്രസാദം തയ്യാറാക്കുന്ന സംവിധാനം ഉണ്ടാകുമെന്ന് ക്ഷേത്ര ഭരണസമിതി സിഇഒ വിശ്വഭൂഷൺ മിശ്ര പറഞ്ഞു.
നിലവിൽ പ്രസാദം ഉണ്ടാക്കുന്നതിനുള്ള ടെൻഡർ വെണ്ടർമാർ മുഖേന നടത്തുകയും അത് പതിവായി പരിശോധിക്കുകയും ചെയ്യുന്നുണ്ട് . എന്നാൽ ഉടൻ തന്നെ പ്രസാദം ഉണ്ടാക്കുന്നതിനുള്ള പുതിയ സംവിധാനം ഉണ്ടാക്കും. പ്രസാദം ഉണ്ടാക്കുന്നവർ കുളിച്ച് വിശ്വനാഥനെ ആരാധിച്ചതിന് ശേഷം മാത്രമേ പ്രസാദം ഉണ്ടാക്കാൻ അനുവദിക്കൂ. പ്രസാദം തയ്യാറാക്കുന്നത് ക്ഷേത്ര ഭരണസമിതിയുടെ തുടർച്ചയായ നിരീക്ഷണത്തിലായിരിക്കുമെന്നും വിശ്വഭൂഷൺ മിശ്ര പറഞ്ഞു.
ക്ഷേത്രത്തിലേയ്‌ക്ക് സംഭാവന നൽകുന്നവർക്കായി വർഷത്തിലൊരിക്കൽ പ്രത്യേക പൂജകൾ നടത്തും .ഒപ്പം നന്ദികാർഡും പ്രസാദവും രുദ്രാക്ഷമാലയും ഭസ്മവും നൽകും. അവരോട് നന്ദി പറയാനുള്ള വഴിയാണ് ഇതെന്ന് ക്ഷേത്ര ഭരണസമിതി സിഇഒ വിശ്വഭൂഷൺ മിശ്ര പറഞ്ഞു. കൂടാതെ, ദാനധർമ്മത്തെ പോസിറ്റീവായി കാട്ടുന്ന ഒരു മാർഗ്ഗം കൂടിയാണിത്.
അവരെ വി.വി.ഐ.പി എന്ന് വിളിക്കുന്നത് ശരിയല്ല, കാരണം അവർ വി.വി.ഐ.പിയല്ല, ശിവഭക്തരാണ് . സംഭാവനയായി ലഭിക്കുന്ന പണം കൊണ്ട് രോഗികൾക്കുള്ള ഭക്ഷണവും , താമസവും , സ്‌കൂളും, പശുത്തൊഴുത്തും ക്ഷേത്ര ഭരണസമിതി ഒരുക്കുന്നുണ്ട് . ഈ പദ്ധതികൾ കൂടുതൽ വിപുലീകരിക്കാനും തീരുമാനമുണ്ട്.















