ഉത്തരാഖണ്ഡ് അടുത്തിടെ അസാധാരണമായൊരു കാഴ്ചയ്‌ക്കാണ് സാക്ഷ്യം വഹിച്ചത്. വെറും 1,600 അടി ഉയരത്തിൽ മാത്രം കാണപ്പെടുന്ന മയിലിനെ കണ്ടെത്തിയത് 6,500 അടി ഉയരത്തിലാണ്. താഴ്ന്ന പ്രദേശങ്ങളിൽ മാത്രം കണ്ടിരുന്ന പക്ഷിയെ ഇത്ര ഉയരത്തിൽ കണ്ടതിന് പിന്നിൽ ഹിമാലയൻ മേഖലയിലെ പാരിസ്ഥിതിക വ്യതിയാനങ്ങളുടെ ഫലമാണെന്ന് വന്യജീവി വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ബാഗേശ്വർ ജില്ലയിലെ വനങ്ങളിൽ രണ്ട് തവണയാണ് മയിൽ വർഗത്തിൽപെട്ട പക്ഷിയെ കണ്ടത്. ഏപ്രിലിൽ കാഫ്ലിഗയർ വനമേഖലയിലും പിന്നീട് ഒക്ടോബർ അഞ്ചിന് കഥയത്ബറ വനമേഖലയിലും ഇതിനെ കണ്ടവരുണ്ട്. ഇത്ര ഉയരത്തിൽ കാണുന്നത് ആശ്ചര്യമാണെന്നും വന്യജീവികളിൽ കുടിയേറ്റം സംഭവിച്ചതിന്റെ സൂചനയാകാം ഇതെന്നും വിദഗ്ധർ പറയുന്നു. പാരിസ്ഥിതിക മാറ്റങ്ങളാകും ഇവയെ കൂട്ടത്തോടെ പലായനം ചെയ്യാൻ ഇടയാക്കിയതെന്നും ബാഗേശ്വരിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ ധ്യാന് സിംഗ് കാരയാട്ട് സംശയം ഉന്നയിക്കുന്നു.
സാധാരണയായി താഴ്ന്ന പ്രദേശങ്ങളിലാണ് മയിലെ കാണുന്നതെങ്കിലും ഹിമാചൽ പ്രദേശിലും ഇതിന് മുൻപ് ഉയരത്തിൽ ഇവയെ കണ്ടെത്തിയിട്ടുണ്ടെന്നും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മുതിർന്ന ശാസ്ത്രജ്ഞനായ ഡോ. സുരേഷ് കുമാർ പറഞ്ഞു. മലയോര മേഖലകളിൽ പോലും പഴയതുപോലെ തണുപ്പ് അനുഭവപ്പെടാറില്ല. അതുകൊണ്ട് തന്നെ മലനിരകളിൽ അവയ്‌ക്ക് അനുയോജ്യമായ കാലവസ്ഥ വന്നുചേർന്നിരിക്കാം.
പർവതനിരകളുള്ള പ്രദേശങ്ങളിൽ കൃഷി, മനുഷ്യ കേന്ദ്രങ്ങൾ വിപുലീകരിച്ചതാണ് തണുപ്പ് കുറയാൻ കാരണമായത്. ഇത് മയിലിന് കഴിയാനുള്ള ആവാസ വ്യവസ്ഥ സൃഷ്ടിച്ചിട്ടുണ്ടാകാം. ശീതകാലം ആരംഭിക്കുന്നതോടെ മലനിരകളിലെ തണുപ്പ് വർദ്ധിക്കും. ഇതോടെ മയിലുകൾ ആ പ്രദേശത്ത് നിന്ന് പിൻവാങ്ങുന്നതാകും. എന്നാൽ ഇത്തരം കാഴ്ചകൾ പതിവാകുകയാണെങ്കിൽ സംശയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.