കൊച്ചി: ഒരു മതവിശ്വാസവും ഭരണഘടയ്‌ക്ക് അതീതമല്ലെന്ന് ഹൈക്കോടതി. പൊതുപരിപാടിക്കിടെ മുൻ ധനമന്ത്രി ടി എം തോമസ് ഐസക്കിന് ഒരു മുസ്ലിം പെൺകുട്ടി ഹസ്തദാനം നൽകിയതുമായി ബന്ധപ്പെട്ടതാണ് കേസ്. ധനമന്ത്രിക്ക് കൈക്കൊടുത്തത് ശരിയത്ത് നിയമലംഘനമാണെന്നും പ്രായപൂർത്തിയായ മുസ്ലിം വിദ്യാർത്ഥിനി വിശ്വാസലംഘനം നടത്തിയെന്നും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് എടുത്ത കേസ് റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമർശം.
2016ൽ കോഴിക്കോട് മർക്കസ് ലോ കോളേജിൽ നടന്ന പരിപാടിക്കിടെയാണ് കേസിന് ആസ്പദമായ സംഭവം. സംവാദത്തിൽ പങ്കെടുത്തതിന് ഉപഹാരം സ്വീകരിക്കാനായി സ്റ്റേജിൽ എത്തിയ രണ്ടാം വർഷ നിയമ വിദ്യാർത്ഥിനി ഐസക്കിന് കൈകൊടുത്തു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും മാദ്ധ്യമങ്ങളിൽ വന്നു.
ഏതാനും ദിവസത്തിന് ശേഷം അന്യപുരുഷനെ സ്പർശിച്ചത് ശരിയത്ത് വിരുദ്ധമാണെന്നും അതിലൂടെ മുസ്ലിം പെൺകുട്ടി വ്യഭിചരിച്ചുവെന്നും സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപക പ്രചരണമുണ്ടായി. മലപ്പുറം കോട്ടയ്‌ക്കൽ ഒതുങ്ങൽ അബ്ദുൾ നൗഷാദിന്റെ നേതൃത്വത്തിലാണ് സൈബർ ആക്രമണം നടന്നത്. ഇതിനെതിരെ വിദ്യാർത്ഥിനി കുന്ദമംഗലം പൊലീസിന് പരാതി നൽകി. കലാപത്തിന് ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അബ്ദുൾ നൗഷാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മന്ത്രിയുമായി ഹസ്തദാനം ചെയ്യാനുള്ള തീരുമാനം പെൺകുട്ടിയുടെ വ്യക്തിപരമായ തീരുമാനമാണെന്നും അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി ഒരു മതപരമായ ആചാരവും പിന്തുടരാൻ അവളെ നിർബന്ധിക്കാനാവില്ലെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി. ഖുറാൻ സൂക്തങ്ങൾ പോലും വ്യക്തിയുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പിന് ഊന്നൽ നൽകുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഉപഹാരം സ്വീകരിക്കുമ്പോൾ മന്ത്രിക്ക് ഹസ്തദാനം നൽകാൻ പെൺകുട്ടി സ്വമേധയാ തീരുമാനിച്ചതാണെന്നും ഇതിനെ വിമർശിക്കാൻ ഹരജിക്കാരന് എന്ത് അവകാശമാണുള്ളതെന്നും കോടത ചോദിച്ചു. ഭരണഘടന എല്ലാവർക്കും മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുവെന്നും പെൺകുട്ടിക്കും തൻ്റേതായ രീതിയിൽ മതവിശ്വാസം പിന്തുടരാൻ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. കേസ് എത്രയും വേഗം തീർപ്പാക്കാനും വിചാരണക്കോടതിയോട് നിർദേശിച്ചു.















