കുരുക്ഷേത്ര: ഹരിയാനയിലെ ആദ്യ ട്രെൻഡിൽ മുൻതൂക്കം ലഭിച്ചതോടെ കോൺഗ്രസ് നേതാക്കളുടെ ആഘോഷം കൈവിട്ട കളിയായി. ഫലം അനുകൂലമായി തുടങ്ങിയതോടെ കോൺഗ്രസിന്റെ ഡൽഹിയിലെ ആസ്ഥാനത്തും പാർട്ടിയുടെ റോഹ്തക്കിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും ലഡ്ഡുവും ജിലേബിയും വിതരണം ചെയ്തും പടക്കം പൊട്ടിച്ചും പ്രവർത്തകരും നേതാക്കളും ആഘോഷം തുടങ്ങിയിരുന്നു. എന്നാൽ ട്രെൻഡ് മാറി ഫലം ബിജെപിക്ക് അനുകൂലമായതോടെ പാർട്ടി ഓഫീസുകളിൽ ആഘോഷം നിലച്ചു. പടക്കവും ലഡ്ഡുവും ജിലേബിയുമൊക്കെ മാറ്റിവെച്ചു ടെലിവിഷൻ സ്‌ക്രീനിന് മുൻപിൽ ശ്രദ്ധയോടെ ഫലം കാത്തിരിക്കുകയായിരുന്നു പിന്നീട് പ്രവർത്തകർ.
ആദ്യറൗണ്ട് ഫലങ്ങൾ അനുകൂലമായതോടെ എക്‌സിറ്റ് പോൾ ഫലങ്ങളുടെ കൂടെ ആത്മവിശ്വാസത്തിൽ ആഘോഷങ്ങൾ തുടങ്ങാൻ കോൺഗ്രസ് നേതാക്കൾ തന്നെയാണ് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയത്. ട്രെൻഡ് മാറി മറിഞ്ഞതോടെ നാണക്കേട് ഒഴിവാക്കാൻ ആഘോഷങ്ങൾ അന്തിമഫലം അറിഞ്ഞ ശേഷം മതിയെന്ന നിർദ്ദേശം നൽകി തടിയൂരുക മാത്രമായിരുന്നു നേതാക്കൾക്ക് മുൻപിലുളള വഴി.
അതേസമയം ബിജെപി നേതാക്കൾ പക്വതയോടെയും ക്ഷമയോടെയുമാണ് വോട്ടെണ്ണൽ ഫലത്തിൽ ആദ്യം മുതൽ പ്രതികരിച്ചത്. എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് ശേഷവും പാർട്ടിയുടെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്ന മുഖ്യമന്ത്രി നയാബ് സിംഗ് സെയ്‌നി രാവിലെ ബ്രഹ്‌മ സരോവറിലെ ദക്ഷിൺമുഖി ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ഇവിടെ നടന്ന ഭജനയിലും ഭക്തർക്കൊപ്പം അദ്ദേഹം പങ്കുചേർന്നു. കുരുക്ഷേത്രയിലെ സെയ്‌നി സമാജ് ധർമ്മശാലയിലും അദ്ദേഹം സന്ദർശനം നടത്തി.
പ്രതികരണം ചോദിച്ച മാദ്ധ്യമങ്ങളോട് ബിജെപി മൂന്നാമതും സർക്കാരുണ്ടാക്കുമെന്ന് തന്നെയാണ് ആത്മവിശ്വാസത്തോടെ അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ പത്ത് വർഷമായി ഹരിയാനയിൽ ബിജെപി ധാരാളം വികസനം കൊണ്ടുവന്നിട്ടുണ്ടെന്നും വരാനിരിക്കുന്ന ബിജെപി സർക്കാരും ഇതേ വികസനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കുരുക്ഷേത്രയിലെ ലദ്വ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് സെയ്‌നി ജനവിധി തേടുന്നത്.















