ഇസ്ലാമാബാദ്: മലേഷ്യയിൽ നിന്ന് പാകിസ്താനിലേക്കുള്ള യാത്രയ്‌ക്കിടെ അധികമായി വന്ന ലഗേജിനുള്ള ചാർജ് ഒഴിവാക്കാൻ തയ്യാറാകാതിരുന്ന പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിനെതിരെ രൂക്ഷ വിമർശനവുമായി വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്. കറാച്ചിയിൽ വച്ച് ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്യവെയായിരുന്നു സാക്കിർ നായികിന്റെ വിമർശനം. മലേഷ്യയില്‍ നിന്ന് പോരുമ്പോള്‍ ലഗേജിനുള്ള ചാർജുകൾ പൂർണമായും ഒഴിവാക്കുന്നതിന് പകരം അവർ തനിക്കും സംഘത്തിനും 50 ശതമാനം ഡിസ്‌കൗണ്ട് മാത്രമാണ് വാഗ്ദാനം ചെയ്തതെന്നും ഇയാൾ കുറ്റപ്പെടുത്തുന്നു.
ഇന്ത്യയിൽ ആയിരുന്നെങ്കിൽ തനിക്ക് ഒരിക്കലും ഈ അവസ്ഥ വരുമായിരുന്നില്ലെന്നും സാക്കിർ അവകാശപ്പെടുന്നു. ” ഞാൻ പാകിസ്താനിലേക്ക് പുറപ്പെട്ടപ്പോൾ എന്റെ ബാഗേജ് 1000 കിലോ ആണ് ഉണ്ടായിരുന്നത്. ഈ വിഷയം ഞാൻ പാകിസ്താൻ ഇന്റർനാഷണൽ എയർലൈനിന്റെ സിഇഒയുമായി സംസാരിച്ചു. എനിക്ക് വേണ്ടി എന്തും ചെയ്ത് തരാൻ തയ്യാറാണെന്ന് സ്റ്റേഷൻ മാനേജർ ഉറപ്പ് നൽകി. 500-600 കിലോ അധികം ലഗേജ് ഉണ്ടെന്നും, ആറ് പേർ എന്നോടൊപ്പം ഉണ്ടെന്നും ഞാൻ അദ്ദേഹത്തെ അറിയിച്ചു. പക്ഷേ 50 ശതമാനം ഡിസ്‌കൗണ്ട് മാത്രമാണ് എനിക്ക് അനുവദിച്ച് തന്നത്.
ഇളവ് ലഭിക്കുന്ന സാഹചര്യമായിരുന്നെങ്കിൽ നാല് പേരെ കൂടി ഒപ്പം കൂട്ടുമായിരുന്നു എന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നു. ഒന്നുകിൽ പൂർണമായും സൗജന്യം അനുവദിക്കുക, അല്ലെങ്കിൽ വിട്ടുകളയാനാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. സൗജന്യം അനുവദിക്കാത്തത് കൊണ്ട് തന്നെ ഡിസ്‌കൗണ്ട് വേണ്ടെന്ന് പറഞ്ഞുവെന്നും” സാക്കിർ നായിക് പറഞ്ഞു. അതേസമയം ഈ സാഹചര്യം ഇന്ത്യയിലായിരുന്നെങ്കിൽ തനിക്ക് മുഴുവൻ ലഗേജും പൂർണമായും സൗജന്യമായി കൊണ്ടുവരാൻ സാധിക്കുമായിരുന്നു എന്നും ഇയാൾ അവകാശപ്പെട്ടു.
” ഇന്ത്യയിൽ വച്ചാണ് ഈ സാഹചര്യം ഉണ്ടായിരുന്നതെങ്കിൽ 1000 അല്ല 2000 കിലോ ലഗേജ് ആണെങ്കിലും എനിക്ക് എല്ലാം സൗജന്യമാക്കിയേനെ. ഇവിടെ പാകിസ്താനിൽ ഞാൻ ഈ സർക്കാരിന്റെ അതിഥിയാണ്. വിസയിലും അത് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും പാക് ഇന്റർനാഷണൽ എയർലൈൻസ് സിഇഒ എനിക്ക് 50 ശതമാനം ഡിസ്‌കൗണ്ട് മാത്രമാണ് അനുവദിച്ചത്. ഓരോ അധികം കിലോയ്‌ക്കും ഒടുവിൽ 101 മലേഷ്യൻ റിംഗിറ്റ് (2137 രൂപ) വീതം അടയ്‌ക്കേണ്ടതായി വന്നു. ഒരു അതിഥി ആയിരുന്നിട്ട് കൂടി 300 കിലോ അധികം അനുവദിച്ചില്ല എന്നത് വളരെയധികം വിഷമിപ്പിച്ചു. എനിക്ക് ആരുടേയും ഡിസ്‌കൗണ്ടും ഇളവും ആവശ്യമില്ല. സത്യം തുറന്ന് പറയുന്നതിൽ സങ്കടമുണ്ട്. പക്ഷേ ഇതാണ് പാകിസ്താനിലെ അവസ്ഥയെന്നും” സാക്കിർ നായിക് പറയുന്നു.
അതേസമയം സാക്കിർ നായികിന്റെ ഈ അവകാശവാദങ്ങൾക്ക് വലിയ ട്രോളുകളും വരുന്നുണ്ട്. അതിഥികളെ തെരഞ്ഞെടുക്കുമ്പോൾ ഇനിയെങ്കിലും പാക് സർക്കാർ ശ്രദ്ധിക്കണമെന്നാണ് ഒരാൾ സാക്കിർ നായികിന്റെ പരാമർശത്തോട് പ്രതികരിച്ചത്. ഒരു യഥാർത്ഥ മുസ്ലീം പ്രബോധകൻ ഒരിക്കലും ഇത്തരത്തിൽ പരിഗണനകൾ ആവശ്യപ്പെടില്ലെന്നാണ് മറ്റൊരാൾ കുറിച്ചത്. ഇനി അഥവാ പരിഗണന ലഭിച്ചില്ലെങ്കിൽ പോലും അത് ആരും ഇതുപോലെ പറഞ്ഞ് നടക്കുകയില്ല. ഗൾഫ് രാജ്യത്തായിരുന്നെങ്കിൽ സാക്കിർ നായിക് മുഴുവൻ തുകയും മിണ്ടാതെ കൊടുത്തിട്ട് പോകുമായിരുന്നു എന്നും ഇയാൾ പറയുന്നു. ഈ മാസം ഒന്നാം തിയതി പാകിസ്താനിലെത്തിയ സാക്കിർ നായിക് വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി 28 വരെ ഇവിടെ തുടരുമെന്നാണ് വിവരം.