ന്യൂഡൽഹി: ഹരിയാന ഭൂമിയിൽ ‘ആപ്പി’ന്റെ മോഹം പൊലിഞ്ഞു. പാർട്ടി അദ്ധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിന്റെ സ്വന്തം സംസ്ഥാനമായ ഹരിയാനയിൽ പ്രവർത്തം വ്യാപിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും വട്ടപൂജ്യമായിരുന്നു ഫലം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ചെറുചലനം ഉണ്ടാക്കാൻ പോലും ആപ്പിന് സാധിച്ചിട്ടില്ലെന്ന് വ്യക്തം.
ഡൽഹി തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേ ഹരിയാനയിലെ ഫലം ആപ്പിന് കനത്ത തിരിച്ചടിയായി. ഡൽഹി മദ്യനയ അഴിമതിയിൽ കേസിൽ മാസങ്ങളോളം ജയിലിൽ കിടന്ന കെജ്‌രിവാൾ ആഴ്ചകൾക്ക് മുമ്പാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. കടുത്ത ജാമ്യവ്യവസ്ഥയുടെ പേരിലാണ് മുഖ്യമന്ത്രി പദം ഒഴിഞ്ഞതെങ്കിലും, ‘അഗ്നിശുദ്ധി’ തെളിയിച്ച് മടങ്ങിവരുമെന്ന തരത്തിലാണ് പ്രചരണം നടന്നത്. പക്ഷെ മാതൃസംസ്ഥാനമായ ഹരിയാനയിൽ കെജ്രിവാൾ ഉണ്ടാക്കാൻ ശ്രമിച്ച സഹതാപതരംഗം ഒട്ടും ഏശിയില്ലെന്ന് ഫലങ്ങൾ പറയുന്നു.
ഡൽഹിയിലും പഞ്ചാബിലും ലഭിച്ച വേരോട്ടം ഹരിയാനയിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളിലായിരുന്നു കെജ്രിവാൾ. പഞ്ചാബ്, ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ച പണം ആപ്പ് ഉപയോഗിച്ചിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
ഹരിയാനയിൽ 90 ൽ 89 സീറ്റിൽ മത്സരിച്ചിട്ടും ഒരു സീറ്റിൽ പോലും പാർട്ടിക്ക് വിജയിക്കാനാകാത്തത് പ്രവർത്തകരുടെ മനോവീര്യം കെടുത്തും. ഇത് ഡൽഹി തെരഞ്ഞെടുപ്പിലും സ്വാഭാവികമായും പ്രതിഫലിക്കുകയും ചെയ്യും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിലെ കുരുക്ഷേത്ര മണ്ഡലത്തിൽ മാത്രമാണ് ആപ്പ് മത്സരിച്ചത്. ഇവിടെയും കാര്യമായ വോട്ട് ആപ്പ് നേടിയിരുന്നില്ല.















