ഹരിയാനയിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതിന്റെ നടുക്കം തീർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ ചീത്തവിളിച്ച് കോൺഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിക്കുന്നതിൽ കമ്മീഷന്റെ വെബ്സൈറ്റ് വളരെ ‘സ്ലോ’ ആണെന്നാണ് കോൺഗ്രസിന്റെ പരാതി. ഹരിയാനയിലെ ഫലം രേഖപ്പെടുത്തുന്നതിൽ വെബ്സൈറ്റ് വലിയ താമസം കാണിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച് പരാതി നൽകുമെന്നുമാണ് കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് അറിയിക്കുന്നത്. ഇലക്ഷൻ കമ്മീഷനിൽ സമ്മർദ്ദം ചെലുത്തി ബിജെപിയാണ് ഇത് ചെയ്യിക്കുന്നതെന്ന വിചിത്ര ആരോപണവും കോൺഗ്രസ് നേതാവ് ഉന്നയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് പോലെ തന്നെ നിയമസഭാ തെരഞ്ഞെടുപ്പിലും ഫലം രേഖപ്പെടുത്തുന്ന കാര്യത്തിൽ വലിയ കാലതാമസമുണ്ട്. ECIയുടെ വെബ്സൈറ്റ് നോക്കുമ്പോൾ അപ്-ടു-ഡേറ്റ് ട്രെൻഡ് അറിയാൻ കഴിയുന്നില്ല. തെറ്റിദ്ധരിപ്പിക്കുന്ന ട്രെൻഡ് കാണിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമ്മർദ്ദമുണ്ടാക്കുകയാണ് ബിജെപി – ജയ്റാം രമേശ് എക്സിൽ കുറിച്ചു. എന്നാലിത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും വെബ്സൈറ്റ് കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ അറിയിച്ചു.
എക്സിറ്റ് പോൾ ഫലങ്ങളെ തള്ളുന്ന ജനവിധിയാണ് ഹരിയാനയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. പത്ത് വർഷം ഭരിച്ച ബിജെപി സർക്കാരിനെ ജനങ്ങൾ കൈവിട്ടെന്നായിരുന്നു എക്സിറ്റ് പോൾ ഫലം. എന്നാൽ അൻപതിലധികം സീറ്റുകളിൽ ലീഡ് ചെയ്യുകയാണ് ഭാരതീയ ജനതാ പാർട്ടി. കേവലഭൂരിപക്ഷമായ 46ഉം ബിജെപി കടന്നതോടെ കോൺഗ്രസ് ക്യാമ്പിന്റെ കിളിപാറി. ഇതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി ജയ്റാം രമേശ് കലിപ്പ് തീർത്തത്. ഫലം വൈകി അപ്ലോഡ് ചെയ്യുന്നതിലൂടെ പ്രവർത്തകരുടെ മനോവീര്യം തകർക്കുകയാണ് ലക്ഷ്യമെന്നും കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.















