തിരുവനന്തപുരം: സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം മേധാവിയായി മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥനായ പി. വിജയനെ നിയമിച്ചു. ക്രമസമാധാനചുമതലയുള്ള എ.ഡി.ജി.പിയായി മനോജ് എബ്രഹാം നിയമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പി. വിജയന്റെ പുതിയ നിയമനം.
നിലവിൽ കേരള പോലീസ് അക്കാദമി ഡയറക്ടറുടെ ചുമതലയായിരുന്നു പി. വിജയന് നിര്‍വഹിച്ചു വന്നിരുന്നത് . എ. അക്ബറിനെ അക്കാദമി ഡയറക്ടറായി നിയമിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പി വിജയന്. ഇദ്ദേഹം തീവ്രവാദ വിരുദ്ധ സേനയുടെ തലവനായിരുന്നു. ബുക്ക് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ ചുമതലയും സ്റ്റുഡന്‍ഡ് കേഡറ്റ് ചുമതലയും വഹിച്ചിട്ടുണ്ട്.
കോഴിക്കോട്ട് എലത്തൂർ ട്രെയിനില്‍ തീവെച്ച സംഭവത്തില്‍ പ്രതിയുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന കാരണത്താൽ പി. വിജയനെ മുന്‍പ് സസ്പെന്‍ഡ് ചെയ്തിരുന്നു. ക്രമസമാധാനചുമതലയുണ്ടായിരുന്ന മുന്‍ എ.ഡി.ജി.പി. എം.ആര്. അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണവിധേയമായുള്ള സസ്പെന്ഷന്. പിന്നീട് സര്‍വീസില്‍ തിരിച്ചെത്തിയ അദ്ദേഹം പോലീസ് അക്കാദമി ഡയറക്ടറായി ചുമതലയേറ്റു.