“ഇതിനേക്കാൾ സീറ്റ് ബസ്സിൽ കിട്ടും!” ‘കെസി’ എയറിൽ; പണിപറ്റിച്ചത് അനിൽ അക്കരയുടെ അഭിനന്ദന കുറിപ്പ്

Published by
Janam Web Desk

ഹരിയാനയിൽ അടപടലം വീണു, ജമ്മുകശ്മീരിൽ പെറുക്കികൂട്ടി ആറ് സീറ്റ്.. സ്വപ്നങ്ങളെല്ലാം ഒറ്റദിവസം കൊണ്ട് തകർന്നടിഞ്ഞ അവസ്ഥയിലാണ് കോൺ​ഗ്രസ്. അധികാരം തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ച ഹരിയാനയിൽ, കോൺ​ഗ്രസിന് 10 വർഷത്തിന് ശേഷവും അവസരം നൽകാൻ ജനങ്ങൾ തയ്യാറായില്ല. ജമ്മുകശ്മീരിൽ നാഷണൽ കോൺഫറൻസുമായി സഖ്യം ചേർന്ന് മത്സരിച്ചിട്ടും പത്ത് സീറ്റുകൾ ഒപ്പിക്കാൻ പാർട്ടിക്ക് കഴിഞ്ഞതുമില്ല. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം തീർത്തും നിരാശാജനകമായ ജനവിധിയായിരുന്നു ഇരുസംസ്ഥാനങ്ങളിലും. ഈ സാഹചര്യത്തിൽ മലയാളികൾ എയറിലാക്കിയത് എഐസിസി ജനറൽ സെക്രട്ടറിയായ കെ.സി വേണു​ഗോപാലിനെയാണ്. അതിന് വഴിയൊരുക്കിയതാകട്ടെ മുൻ എംഎൽഎ അനിൽ അക്കരയും.

ഇന്നുരാവിലെയായിരുന്നു കെസിയെ പുകഴ്‌ത്തി അനിൽ അക്കര പോസ്റ്റ് പങ്കുവച്ചത്. കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർ​ഗെയ്‌ക്ക് ഒപ്പം, പ്രതിപക്ഷ നേതാവ് രാഹുലിനൊപ്പം ഹരിയാനയിലും കശ്മീരിലും ഇനി ഇന്ത്യ മുന്നണിയുടെ സർക്കാർ. രാജ്യത്തിന്റെ അഭിമാനമായ കെസിക്ക് അഭിവാദ്യങ്ങൾ. – എന്നായിരുന്നു അനിൽ അക്കരയുടെ കുറിപ്പ്. ഇതിന് പിന്നാലെ ഹരിയാനയിലെ യഥാർത്ഥ ട്രെൻഡുകൾ പുറത്തുവന്നു തുടങ്ങി. നൈസായി പോസ്റ്റിലെ ഹരിയാന മുക്കുകയായിരുന്നു അനിൽ അക്കര. കെസിക്കുള്ള അഭിവാദ്യം അതേപടി തുടരുകയും ചെയ്തു. ഇതോടെ കമന്റ് സെക്ഷനിൽ മലയാളികൾ‌ ട്രോളുകളുടെ പെരുമഴയായിരുന്നു തീർത്തത്. കുറിപ്പിൽ നിന്ന് ഹരിയാന മുക്കിയത് പലരും കണ്ടുപിടിച്ചിരുന്നു. ഹരിയാനയിൽ സർക്കാർ ഉണ്ടാക്കാൻ കഴിയാത്തതിനാണോ കശ്മീരിൽ ആറ് സീറ്റ് മാത്രം നേടിയതിനാണോ കെസിക്ക് അഭിനന്ദനമെന്നും അനിൽ അക്കരയോട് ചിലർ ചോ​ദിച്ചു. കെസിക്ക് ഇതിനേക്കാൾ സീറ്റ് ബസ്സിൽ കിട്ടുമെന്നായിരുന്നു മറ്റൊരു കമന്റ്. പ്രശംസിക്കാൻ ഉദ്ദേശിച്ചതാണെങ്കിലും നേർവിപരീത ഫലമുണ്ടാക്കിയിരിക്കുകയാണ് അനിൽ അക്കരയുടെ കുറിപ്പ്.

Share
Leave a Comment