സിനിമാ- സീരിയൽ താരം ശ്രീഗോപിക നീലനാഥ് വിവാഹിതയായി. സുഹൃത്തായിരുന്ന വരുൺ ദേവാണ് ശ്രീഗോപികയുടെ കഴുത്തിൽ താലി ചാർത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
ശ്രീഗോപികയുടെ വിവാഹ ചിത്രം പങ്കുവച്ചുകൊണ്ട് നടി സംഗീത ശിവനാണ് വിവാഹ വിവരം അറിയിച്ചത്. നേരത്തെ, നടൻ വൈശാഖ് രവിയുമായുള്ള ശ്രീഗോപികയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. കഴിഞ്ഞ ജനുവരിയിലായിരുന്നു വിവാഹനിശ്ചയം. എട്ട് വർഷത്തെ പ്രണയത്തെ കുറിച്ച് പറഞ്ഞുകൊണ്ട് താരം തന്നെയാണ് വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ചത്.

എന്നാൽ, മാസങ്ങൾക്ക് ശേഷം തന്റെ വിവാഹം മുടങ്ങിയെന്നും അത് ഇനി നടക്കില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. വിചാരിച്ചത് പോലെ കാര്യങ്ങൾ നടന്നില്ലെന്നും പിരിയുന്നതാണ് ഇരുവരുടെ ജീവിതത്തിനും നല്ലതെന്ന് തോന്നിയെന്നും ശ്രീഗോപിക ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.
തമിഴ് സിനിമകളിലൂടെയാണ് ശ്രീഗോപിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സീരിയലിൽ സജീവമാവുകയായിരുന്നു.















