തിരുവനന്തപുരം: കേരള സർക്കാരിന്റെ ഡൽഹി പ്രതിനിധിയായ കെവി തോമസിന് വേണ്ടി ഇതുവരെ ചെലവിട്ടത് 57.41 ലക്ഷം രൂപയെന്ന് നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ എന്തൊക്കെ ഇടപെടലാണ് കെ.വി തോമസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന ചോദ്യത്തിന് സർക്കാരിന്റെ പക്കൽ വ്യക്തമായ ഉത്തരമില്ല. എംഎൽഎ സനീഷ് കുമാർ ജോസഫാണ് ചോദ്യമുന്നയിച്ചത്.
കേരളത്തിന്റെ താത്പ്പര്യങ്ങൾ ദേശീയ തലത്തിൽ എത്തിക്കാൻ കേന്ദ്ര മന്ത്രിമാരും ഉദ്യോഗസ്ഥരുമായി ചർച്ചകളും കൂടികാഴ്ചകൾ സംഘടിപ്പിക്കുകയും വികസന വിഷങ്ങളിൽ തുടർച്ചയായി ഇടപെടലുകൾ കെവി തോമസ് നടത്തിയെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഇടപെടൽ നടത്തിയ കാര്യങ്ങൾ ഏതൊക്കെയെന്നതിന് മറുപടിയില്ലെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. കഴിഞ്ഞ വർഷം ജനുവരിയിലാണ് കെ.വി. തോമസിനെ നിയമിച്ചത്.
ഒരു ലക്ഷം രൂപയാണ് കെവി തോമസിന് പ്രതിമാസം ഓണറേറിയമായി കൈപ്പറ്റുന്നത്. ഇത്തരത്തിൽ ഇതുവരെ 19.38 ലക്ഷം രൂപ തോമസ് വാങ്ങി. ജീവനക്കാര്‍ക്കുള്ള വേതനവും അലവന്‍സുകളുമായി 29.75 ലക്ഷം രൂപ അനുവദിച്ചു. വിമാന യാത്രാ ചെലവ് 7.18 ലക്ഷം രൂപയാണ്. ഇന്ധന-ഓഫീസ് ചെലവുകള്‍ക്കുമായി 1.09 ലക്ഷം രൂപയും അനുവദിച്ചെന്നും മുഖ്യമന്ത്രി രേഖാമൂലം വ്യക്തമാക്കി.