ന്യൂഡൽഹി: കൺപോളകളെ ബാധിക്കുന്ന ട്രക്കോമ രോഗത്തെ രാജ്യത്തുനിന്നും തുടച്ചു നീക്കിയതിന് ഇന്ത്യക്ക് ലോകാരോഗ്യ സംഘടന (WHO)യുടെ അംഗീകാരം. അന്ധതയ്‌ക്കുവരെ കാരണമായേക്കാവുന്ന പകർച്ചവ്യാധിയാണ് ട്രക്കോമ. ഗുരുതരമായ ഈ ബാക്ടീരിയ അണുബാധയെ രാജ്യത്തുനിന്നും ഇല്ലാതാക്കിയതിന് WHO ഇന്ത്യൻ സർക്കാരിനെ അഭിനന്ദിച്ചു.
ശക്തമായ ഭരണനേതൃത്വമാണ് ഇന്ത്യയുടെ ഈ നേട്ടത്തിനുപിന്നിലെന്ന് WHO സൗത്ത് ഈസ്റ്റ് ഏഷ്യയുടെ റീജണൽ ഡയറക്ടർ സൈമ വസേദ് പറഞ്ഞു. 2030 ഓടെ 20 രോഗങ്ങളും രോഗഗ്രൂപ്പുകളും നിയന്ത്രിക്കാനും ഉൻമൂലനം ചെയ്യാനും ലക്ഷ്യമിടുന്ന ലോകാരോഗ്യ സംഘടനയുടെ 2021-2030 ട്രോപ്പിക്കൽ ഡിസീസ് റോഡ്മാപ്പിന്റെ ഭാഗമാണ് ട്രക്കോമ നിർമ്മാർജനം.
കുട്ടികളിലെ സാംക്രമിക ട്രക്കോമയിൽ നിന്നും മുതിർന്നവരിൽ കണ്ടുവരുന്ന ട്രക്കോമ രോഗത്തിൽ നിന്നും രാജ്യം മുക്തമായെന്ന് കേന്ദ്രസർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. WHO യുടെ 77-ാമത് റീജണൽ കോൺഫറൻസിൽ കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ പ്രതിനിധി ആരാധനാ പട്‌നായിക്ക് അവാർഡ് ഏറ്റുവാങ്ങി.
India receives a citation from @WHOSEARO at the ongoing 77th Regional Conference for eliminating Trachoma as a public health problem.
The award was received by Smt. Aradhana Patnaik, AS & MD (NHM), Ministry of Health & Family Welfare.
A significant milestone, this reaffirms… pic.twitter.com/QihGPn4R0i
— Ministry of Health (@MoHFW_INDIA) October 8, 2024















