ചണ്ഡീഗഡ്: തുടർച്ചയായി മൂന്നാം തവണയും ഹരിയാനയിൽ വിജയം നേടിയ ബിജെപിക്ക് ആശംസകൾ നേർന്ന് ബാഡ്മിന്റൺ താരവും കോമൺവെൽത്ത് സ്വർണ മെഡൽ ജേതാവുമായ സൈന നെഹ്‌വാൾ. ഹരിയാനയെ വികസന കുതിപ്പിലേക്ക് നയിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സെയ്‌നിക്കും സൈന അഭിനന്ദനങ്ങൾ അറിയിച്ചു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയായിരുന്നു അവർ ആശംസകൾ അറിയിച്ചത്.
” ഹരിയാനയിൽ മൂന്നാമതും ബിജെപി സർക്കാർ വിജയം കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി നയാബ് സിംഗ് സെയ്‌നിക്കും അഭിനന്ദനങ്ങൾ.”- സൈന നെഹ്‌വാൾ കുറിച്ചു. കഴിഞ്ഞ 10 വർഷമായി ഹരിയാനയിൽ മോദി സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ജനങ്ങൾ മൂന്നാമതും അധികാരത്തിലേറ്റിയതെന്ന് ബിജെപിയും വ്യക്തമാക്കി.
48 സീറ്റുകൾ സ്വന്തമാക്കിയാണ് ഹരിയാനയിൽ ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയത്. കോൺഗ്രസിന് 36 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ബിജെപിയെ മൂന്നാമതും അധികാരത്തിലേറ്റിയ ഹരിയാനയിലെ 2.80 കോടി ജനങ്ങൾക്കും മുഖ്യമന്ത്രി നയാബ് സിംഗ് സെയ്നി നന്ദി അറിയിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഹരിയാന അതിവേഗം വളരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ കർഷകരുടെയും പാവപ്പെട്ടവരുടെയും അനുഗ്രഹം ബിജെപിക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.















