തിരുവനന്തപുരം: നിയമസഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് പിവി അൻവർ. എനിക്ക് പ്രതിപക്ഷത്തോടൊപ്പമാണ് സീറ്റ് അനുവദിച്ചിരിക്കുന്നത്. താൻ പ്രതിപക്ഷത്ത് ഇരിക്കണമെന്ന് തീരുമാനിക്കാൻ എൽഡിഎഫിന്റെ പാർലമെന്ററി പാർട്ടി ലീഡർക്കോ സ്പീക്കർക്കോ അധികാരമില്ലെന്നും അത് തന്റെ അവകാശമാണെന്നും അൻവർ പറഞ്ഞു.
പ്രത്യേക ബ്ലോക്ക് എന്ന് പറഞ്ഞാൽ അസംബ്ലിക്കകത്ത് വല്യ പൊര കെട്ടി പിവി അൻവറിനെ അതിനകത്ത് ആക്കേണ്ട പണിയൊന്നും സ്പീക്കർ എടുക്കണ്ട. പ്രത്യേക ബ്ലോക്കായി അനുവദിക്കാം എന്ന് പറഞ്ഞ് ഒരു വരി കത്തിൽ എഴുതിയാൽ മതി. പ്രതിപക്ഷം കൊടുക്കുന്ന ചോദ്യങ്ങളുടെ നക്ഷത്രചിഹ്നം പോലും വെട്ടിക്കളയുകയാണ്. അപ്പോൾ അവിടെ സംഭവിക്കുന്നത് ഊഹിക്കാമല്ലോയെന്നും അൻവർ പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻവർ.
സർക്കാരിലുളള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണോ ഗവർണറെ സമീപിച്ചതെന്ന ചോദ്യത്തിന് അതെയെന്ന് ആയിരുന്നു അൻവറിന്റെ മറുപടി. എല്ലാ വഴികളും തേടും. ഇതിന് മുകളിൽ ജുഡീഷ്യറിയുണ്ട്. അതുമല്ലെങ്കിൽ രാഷ്‌ട്രപതിയുണ്ട് അൻവർ പറഞ്ഞു. നാട് നേരിടുന്ന ഭീക്ഷണികളിൽ തനിക്ക് അറിയാവുന്ന കാര്യങ്ങൾ ഗവർണറെ അറിയിച്ചു. അത് ഒരു ധാർമ്മിക ഉത്തരവാദിത്വമാണെന്ന വിശ്വാസം അദ്ദേഹത്തെ ധരിപ്പിച്ചുവെന്നും പിവി അൻവർ പറഞ്ഞു. ചില തെൡവുകൾ ഇനിയും ഗവർണർക്ക് കൈമാറുമെന്നും അൻവർ കൂട്ടിച്ചേർത്തു.















