ന്യൂഡൽഹി: ജമ്മുകശ്മീരിന്റെ ചരിത്രത്തിൽ തന്നെ ബിജെപിയ്‌ക്ക് ലഭിച്ച ഏറ്റവും വലിയ ജനപിന്തുണക്കാണ് ഈ തെരഞ്ഞെടുപ്പ് സാക്ഷിയായതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി സ്ഥാനാർത്ഥികളെ ജയിപ്പിച്ച്, കൂടുതൽ സീറ്റുകൾ ഞങ്ങൾക്ക് നേടിത്തന്ന കശ്മീർ ജനതയ്‌ക്ക് ഹൃദയംഗമമായ നന്ദി അറിയിക്കുന്നുവെന്ന് അമിത് ഷാ എക്സിൽ കുറിച്ചു.
2014-ലെ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളായിരുന്നു ബിജെപി നേടിയത്. എന്നാൽ, ഇന്ന് നാല് ഇടങ്ങളിൽ കൂടി ബിജെപി അധികാരത്തിെലെത്തി. 25. 64 ശതമാനം വോട്ടുവിഹിതം ബിജെപി നേടി. ഞങ്ങൾക്ക് നൽകിയ പിന്തുണയ്‌ക്ക് ജമ്മുകശ്മീർ ജനതയോട് നന്ദി അറിയിക്കുന്നു. പാർട്ടിയെ മുന്നിലേക്ക് എത്തിക്കുന്നതിനായി അക്ഷീണം പ്രയത്നിച്ച എല്ലാ ബിജെപി പ്രവർത്തകരെയും ഞാൻ ഈ നിമിഷം അഭിനന്ദിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ജമ്മുകശ്മീരിന്റെ വികസനത്തിനും സുരക്ഷയ്‌ക്കുമാണ് കേന്ദ്രസർക്കാർ മുൻഗണന നൽകുന്നത്. മോദി സർക്കാർ ഭീകരവാദ പ്രവർത്തനങ്ങൾ കശ്മീരിൽ നിന്ന് തുടച്ചുനീക്കി. മറ്റ് സംസ്ഥാനങ്ങളെ പോലെ കശ്മീരിലും വികസനം ഉറപ്പാക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. സമാധാനപരമായും സുരക്ഷിതമായും തെരഞ്ഞെടുപ്പ് വിജയകരമായി നടത്തിയതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിനും നന്ദി അറിയിക്കുന്നു.
1987-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ജമ്മുകശ്മീരിലെ ജനങ്ങൾ ഓർക്കുണം. തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ച് കോൺഗ്രസ് ജനാധിപത്യത്തെ പരിഹസിച്ചു. ജമ്മുകശ്മീരിലെ ജനങ്ങൾ തെരഞ്ഞെടുപ്പിൽ പങ്കാളിയായതിൽ അഭിമാനമുണ്ട്. സമാധാനപരമായി ഈ തെരഞ്ഞെടുപ്പ് വിജയിപ്പിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷനോടും സുരക്ഷാസേനയോടും നന്ദിയെന്നും അമിത് ഷാ എക്സിൽ കുറിച്ചു.















