ന്യൂഡൽഹി: നാഗ വംശജന്റെ തലയോട്ടി ലേലം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ കേന്ദ്രസർക്കാരിന് കത്തയച്ചു. മൃഗത്തിന്റെ കൊമ്പ് പിടിപ്പിച്ച, 19ാം നൂറ്റാണ്ടിലെ നാഗ വംശജരുടെ തലയോട്ടി യുകെ കേന്ദ്രമന്ത്രമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ലേലത്തിന് വെച്ചിരിക്കുന്നത്. 3,500-4,000 യുകെ പൗണ്ടാണ് അടിസ്ഥാന വില.
പൂർവ്വികരുടെ ഭൗതികാവശിഷ്ടങ്ങൾ ലേലം ചെയ്യുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ വികാരത്തെ ആഴത്തിൽ വ്രണപ്പെടുത്തുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് അയച്ച കത്തിൽ മുഖ്യമന്ത്രി റിയോ പറഞ്ഞു.
ഓക്‌സ്‌ഫോർഡ്‌ഷയറിലെ ടെറ്റ്‌സ്‌വർത്തിൽ സ്വാൻ ഫൈൻ ആർട്ടാണ് നാഗ മനുഷ്യന്റെ തലയോട്ടി ലേലത്തിന് വെച്ചത്. ബെൽജിയത്തിൽ നിന്നാണ് ഇവ കണ്ടെത്തിയതെന്നാണ് സ്ഥാപനത്തിന്റെ അവകാശവാദം. ദി ക്യൂരിയസ് കളക്ടർ സെയിൽ’ എന്ന ലേലത്തിന്റെ ഭാഗമാണ് തലയോട്ടി ഉൾപ്പെടുത്തിയിരിക്കുന്നത്. നാഗാലാൻഡ് ആസ്ഥാനമായുള്ള ഫോറം ഫോർ നാഗാ റീകൺസിലിയേഷനാണ് ലേലം വിവരം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.