ശ്രീനഗർ: ഭീകരർ തട്ടിക്കൊണ്ടുപോയ ജവാനെ മരിച്ച നിലയിൽ കണ്ടെത്തി. അനന്ത്‌നാഗിലെ പത്രിബാൽ വനമേഖലയിൽ നിന്നാണ് ജവാന്റെ മൃതദേഹം ലഭിച്ചത്. ടെറിട്ടോറിയൽ ആർമിയുടെ 161-ാം യൂണിറ്റിലെ സൈനികനായ ഹിലാൽ അഹമ്മദ് ഭട്ടാണ് വീരമൃത്യു വരിച്ചത്. ശരീരമാസകലം മുറിവേറ്റിട്ടുണ്ടെന്നും വെടിയേറ്റ പാടുകളുണ്ടെന്നും പൊലീസ് അറിയിച്ചു. കത്തി പോലുള്ള ഉപകരണം വച്ച് ആക്രമിച്ചതായി സംശയമുണ്ട്.
ഇന്നലെ സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി പ്രദേശത്ത് ഭീകര വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചിരുന്നു. തെരച്ചിലുകൾ പുരോഗമിക്കുന്നതിനിടെയാണ് ടെറിട്ടോറിയൽ ആർമിയിലെ രണ്ട് സൈനികരെ ഭീകരർ തട്ടിക്കൊണ്ടുപോയത്. രണ്ട് വെടിയേറ്റെങ്കിലും സൈനികരിൽ ഒരാൾ അവരുടെ കയ്യിൽ നിന്നും രക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസും സുരക്ഷാ സേനയും സംയുക്തമായി തെരച്ചിൽ ആരംഭിച്ചിരുന്നു. പരിക്കേറ്റ സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ ഉൾപ്പെട്ട ഭീകരരെ കണ്ടെത്താൻ സൈന്യവും ജമ്മു കശ്മീരും ചേർന്ന് വൻ ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ സംഭവത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് നിരോധിത ഭീകര സംഘടന ടിആർഎഫ് ( ദ റെസിസ്റ്റൻഡ് ഫ്രണ്ട്) രംഗത്തുവന്നിരുന്നു. സമാന രീതിയിൽ ഇനിയും ആവർത്തിക്കുമെന്ന ഭീഷണിയും സംഘടന ഉന്നയിച്ചിട്ടുണ്ട്.