ധാക്ക : ചിറ്റഗോംഗ് ഹിൽ ട്രാക്‌ട്‌സിലെ (CHT) നിലവിലുള്ള സംഘർഷ സാഹചര്യവും അരക്ഷിതാവസ്ഥയുംമൂലംബംഗ്ലാദേശിലെ ബുദ്ധ സമൂഹത്തിന്റെ ഏറ്റവും വലിയ വാർഷിക ഉത്സവങ്ങളിലൊന്നായ കതിൻ ചിബർ ദാൻ ഈ വർഷം ആഘോഷിക്കില്ലെന്ന് ബുദ്ധ സന്യാസിമാർ പ്രഖ്യാപിച്ചു .
ഞായറാഴ്ച ഉച്ചയ്‌ക്ക് രംഗമതി ഹിൽ ജില്ലയിലെ മൈത്രി ബുദ്ധ വിഹാറിൽ വെച്ചായിരുന്നു പ്രഖ്യാപനം .നവംബർ ആദ്യവാരം മുതൽ ചിറ്റഗോംഗ് ഹിൽ ട്രാക്‌ട്‌സിൽ കതിൻ ചിബർ ദാൻ ഉത്സവം നടത്താൻ തീരുമാനിച്ചിരുന്നു.
നിയമപാലകരുടെയും സർക്കാരിന്റെയും പ്രത്യക്ഷവും പരോക്ഷവുമായ സഹകരണത്തോടെയാണ് ചിറ്റഗോംഗ് ഹിൽ ട്രാക്‌ട്‌സിലെ അക്രമ സംഭവങ്ങളെന്ന് ബുദ്ധ സന്യാസിമാർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അത്തരം അരക്ഷിതാവസ്ഥയ്‌ക്കും അനിശ്ചിതത്വത്തിനും ഇടയിൽ ചിറ്റഗോംഗ് ഹിൽ ട്രാക്ട്‌സിലെ ഒരു ക്ഷേത്രത്തിലും കടിൻ ചിബർ ദാൻ നടത്തില്ലെന്ന് പർബത്യ ഭിക്ഷു സംഘത്തിന്റെ പ്രസിഡൻ്റ് ശ്രദ്ധാലങ്കർ മഹാതേരോ പ്രഖ്യാപിച്ചു.
സെപ്റ്റംബർ 18 നും ഒക്ടോബർ 1 നും ഇടയിൽ, ഖഗ്രാചാരിയിലും രംഗമതി ഹിൽ ഡിസ്ട്രിക്റ്റിലും അക്രമികൾ നൂറുകണക്കിന് കടകൾ നശിപ്പിക്കുകയും കൊള്ളയടിക്കുകയും തീയിടുകയും ചെയ്തതായും ബുദ്ധസന്യാസിമാർ പ്രസ്താവനയിൽ പറഞ്ഞു. ഒരു വിദ്യാർത്ഥിനി ക്രൂരമായി കൊല്ലപ്പെട്ടു. ഈ സമയത്ത്, ബുദ്ധ പ്രതിമകൾ നശിപ്പിക്കുകയും വിവിധ ബുദ്ധക്ഷേത്രങ്ങളിൽ സംഭാവനപ്പെട്ടികൾ കൊള്ളയടിക്കുകയും ചെയ്തു.
കതിൻ ചിബർ ദാൻ എന്നത് തദ്ദേശീയ ബൗദ്ധജനതയുടെ ഏറ്റവും വലിയ മതപരമായ വാർഷിക ഉത്സവമാണ്. ഇതിൽ ബുദ്ധമത വിശ്വാസികൾ സന്യാസിമാർക്ക് പരുത്തി കൊണ്ട് നിർമ്മിച്ചതും ഒറ്റരാത്രികൊണ്ട് നെയ്തതും ആയ വസ്ത്രങ്ങൾ സമർപ്പിക്കുന്നു.
മാനവരാശിയുടെ ആത്മപരിഷ്കരണത്തിനും പ്രായശ്ചിത്തത്തിനും വേണ്ടി സന്യാസിമാർ നടത്തുന്ന മൂന്ന് മാസത്തെ ഏകാന്ത ധ്യാനത്തിന്റെ സമാപനവും ഈ ദിവസമാണ്.