ന്യൂഡൽഹി: സായുധസേനയ്‌ക്കായി അമേരിക്കയിൽ നിന്ന് എംക്യൂ-9 ബി ഡ്രോണുകൾ. 3.1 ബില്യൺ ഡോളർ ചെലവിൽ 31 ഡ്രോണുകളാകും ഇന്ത്യ സ്വന്തമാക്കുക. ഡ്രോണുകൾ ഏറ്റെടുക്കുന്നതിനുള്ള കരാറിന് കേന്ദ്രം ഉടൻ അനുമതി നൽകുമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള ക്യാബിനറ്റ് സുരക്ഷാ കമ്മിറ്റിയാണ് അനുമതി നൽകുന്നത്
ഡ്രോണുകളുടെ 30 ശതമാനം ഘടകങ്ങൾ ഇന്ത്യൻ കമ്പനികൾ വികസിപ്പിച്ചവയാകും. 31 ഡ്രോണുകളിൽ 16 എണ്ണം ഇന്ത്യൻ നാവികസേനയ്‌ക്കും എട്ട് വീതം ഇന്ത്യൻ കരസേനയ്‌ക്കും ഇന്ത്യൻ വ്യോമസേനയ്‌ക്കും നൽകും. ഉയർന്ന പ്രദേശങ്ങളിലും സമുദ്ര മേഖലയിലും പ്രതിരോധം തീർക്കുന്നതിൽ നിർണായകമാകും എംക്യൂ-9 ബി ഡ്രോണുകൾ.
ഈ പ്രിഡേറ്റർ ഡ്രോണിൽ നിന്നുള്ള നിരീക്ഷണ ദൃശ്യങ്ങൾ ബോയിംഗ് പി8-ഐ വിമാനത്തിൽ നിന്ന് ലഭിച്ചതിനേക്കാൾ മികച്ചതാണെന്നും ഗൾഫ് ഓഫ് ഏദൻ മുതൽ സുന്ദ സ്‌ട്രെയ്‌റ്റ്സ് വരെയുള്ള മേഖലയിലെ സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുന്നതിലും ഇവ പ്രധാന പങ്ക് വഹിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.