ഡിജിറ്റൽ പണമിടപാട് സൗകര്യമായ യുപിഐയിൽ വൻ ഇളവുകളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സ്മാർട്ട് ഫോണോ ഇൻ്റർനെറ്റോ ഇല്ലാതെ യുപിഐ ഇടപാട് നടത്താൻ സൗകര്യം നൽകുന്ന യുപിഐ 123 പേ, കുറഞ്ഞ തുകയുടെ ഇടപാടുകൾ നടത്താവുന്ന യുപിഐ ലൈറ്റ് സംവിധാനങ്ങളിലാണ് ഇളവ്.
യുപിഐ ലൈറ്റ് വാലറ്റിൽ ഒരു ദിവസത്തിൽ നടത്താൻ കഴിയുന്ന ഇടപാട് പരിധി 2,000 രൂപയിൽ നിന്ന് 5,000 രൂപയായാണ് ഉയർത്തിയത്. വാലറ്റിൽ 2,000 രൂപ വരെയും സൂക്ഷിക്കാമായിരുന്നു. ഈ വാലറ്റ് പരിധി 5,000 രൂപയിലേക്കാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. ഓരോ ഇടപാടിനും പരമാവധി പരിധി 500 രൂപയായിരുന്നു നിലവിൽ. ഇത് 1,000 രൂപയാക്കി ഉയർത്തി. ഇതോടെ 1,000 രൂപയിൽ താഴെ വരുന്ന ഇടപാടുകൾ പിൻ നമ്പറില്ലാതെ ഒരു ദിവസം നിരവധി തവണ ചെയ്യാം.
5,000 രൂപയിൽ നിന്ന് 10,000 രൂപയാക്കിയാണ് യുപിഐ123 പേയുടെ പരിധി ഉയർത്തിയത്. ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കും യുപിഐ ഇടപാട് നടത്താൻ സഹായിക്കുന്നതാണ് യുപിഐ123 പേ. 2022 മാർച്ചിൽ അവതരിപ്പിച്ച സംവിധാനം വഴി ഇതുവരെ 5,000 രൂപയേ അയക്കാൻ സാധിച്ചിരുന്നൊള്ളൂ. ഇതാണ് 10,000 ആയി ഉയർത്തിയത്. ഇത് സംബന്ധിച്ച നിബന്ധനകൾ എൻപിസിഐ ഉടൻ പുറത്തിറക്കും. ഫീച്ചർ ഫോണുകളിലൂടെ കോൾ സൗകര്യം ഉപയോഗിച്ച് പണമിടപാട് നടത്താവുന്ന സംവിധാനമാണ് യുപിഐ123പേ. മലയാളം ഉൾപ്പടെ 12 പ്രാദേശിക ഭാഷകളിൽ ഈ സൗകര്യം ലഭ്യമാണ്.















