കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിലെ കൊലക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അറുപതോളം ഡോക്ടർമാർ കൂടി രാജിവച്ചു. കോളേജിലെ ജൂനിയർ വനിതാ ഡോക്ടർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഡോക്ടർമാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിലും സമരക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും സംസ്ഥാന സർക്കാർ അലംഭാവം തുടരുന്ന സാഹചര്യത്തിലാണ് കൂട്ടരാജി. കഴിഞ്ഞ ദിവസം അൻപത് മുതിർന്ന ഡോക്ടർമാർ രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറുപത് പേർ കൂടി ചുമതലയിൽ നിന്നൊഴിഞ്ഞത്.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ആർജി കാർ മെഡിക്കൽ കോളേജിൽ യുവഡോക്ടറുടെ കൊലയ്‌ക്ക് പിന്നാലെ നിരവധി ആവശ്യങ്ങളുമായി ഡോക്ടർമാർ മുന്നോട്ടുവന്നിരുന്നു. അന്വേഷണം ശക്തമാക്കണമെന്നും കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ലഭിക്കണമെന്നും സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം ആരംഭിച്ചു. വിവിധ വകുപ്പ് മേധാവിമാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. നിരാഹാരസമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരുടെ ആരോഗ്യനില ദിനംപ്രതി മോശമായി വരികയാണ്. എന്നിട്ടും അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തൃണമൂൽ സർക്കാർ ഇതുവരെയും തയ്യാറാകാത്തത്തിന്റെ പശ്ചാത്തലത്തിലാണ് രാജി നടപടിയിലേക്ക് ഡോക്ടർമാർ തിരിഞ്ഞത്. കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് രാജി.
അറുപത് ദിവസം മുൻപായിരുന്നു ആശുപത്രിയിലെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് ജൂനിയർ വനിതാ ഡോക്ടർ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. 31 വയസുള്ള പിജി ട്രെയിനി ഡോക്ടറായിരുന്നു അവർ.