ന്യൂസീലാൻഡിലെ ഓക്ലൻഡിൽ മിഡിൽമോർ ആശുപത്രിയിലെ എമർജൻസി ഡിപ്പാർട്ടമെന്റ് നഴ്‌സിംഗ് സ്റ്റാഫ് ഓണാഘോഷം സംഘടിപ്പിച്ചു. ഓക്ലൻഡിലെ ഏറ്റവും തിരക്കേറിയ ആശുപത്രിയാണ് മിഡിൽ മോർ ആശുപത്രി. ഇവിടുത്തെ നഴ്‌സിംഗ് സ്റ്റാഫുകളിൽ ഭൂരിഭാഗവും മലയാളികളാണ്. ഇത്തവണ ആദ്യമായിട്ടാണ് ഇത്രയും വിപുലമായ രീതിയിൽ ഓണാഘോഷം നടക്കുന്നത്.
ആർപ്പോ 2024 എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ന്യൂസീലാൻഡിലെ അഞ്ച് പാർലമെന്റംഗങ്ങൾ മുഖ്യാതിഥികളായി പങ്കെടുത്തു. പാർലമെന്റ് മെമ്പറും മലയാളിയുമായ പ്രിയങ്ക രാധാകൃഷ്ണൻ ഓണം സന്ദേശം നൽകി.

മലയാളി സമാജം മുൻ പ്രസിഡന്റുമാരായ പ്രഭാകരൻ ചുള്ളിയൻ, ശശി നമ്പീശൻ, ഇന്ത്യൻ ന്യൂസ്ലിങ്ക് എഡിറ്റർ വെങ്കട് രാമൻ എന്നിവർക്കൊപ്പം ആശുപത്രിയിലെ ഇതര കമ്മ്യൂണിറ്റിയിൽപെട്ട സീനിയർ നേഴ്‌സുമാരെയും പരിപാടിയിൽ ആദരിച്ചു.
വയനാട് ദുരന്തത്തിന് ഇരയായവരെ സ്മരിച്ചുകൊണ്ടാണ് പരിപാടികൾ തുടങ്ങിയത്. കേരളം വിട്ട് അന്യരാജ്യങ്ങളിൽ ജോലി ചെയ്യുമ്പോഴും നമ്മുടെ പാരമ്പര്യ കലകളും മാവേലി തമ്പുരാന്റെ എഴുന്നള്ളത്തും നാടൻ കളികളും അന്യം നിന്നുപോകാതെ പുതു തലമുറയ്‌ക്ക് പകർന്നു കൊടുക്കണം എന്ന സന്ദേശം നൽകുന്നതായിരുന്നു പരിപാടി.

രാവിലെ 11 മുതൽ 7 മണി വരെ നടന്ന വിവിധ കലാപരിപാടികളിൽ കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ ആവേശത്തോടെ പങ്കെടുത്തു.

200 പേരോളം പങ്കെടുത്ത ആഘോഷങ്ങൾക്കൊപ്പം 24 വിഭവങ്ങൾ അടങ്ങിയ ഓണസദ്യയും ഒരുക്കിയിരുന്നു. നഴ്‌സുമാരായ അർജുൻ പ്രദീപ്, അമൽ ജോസഫ്, സ്വപ്ന പുനംകുളം എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം കൊടുത്തത്.















