തിരുവനന്തപുരം: നിലയ്‌ക്കലിൽ നിന്ന് പമ്പയിലേക്കും തിരിച്ചും അയ്യപ്പഭക്തർക്ക് സൗജന്യയാത്ര ഏർപ്പെടുത്തണമെന്ന് ശബരിമല കർമ്മസമിതി. ശബരിമല തീർത്ഥാടനം സുഗമമാക്കാനുളള നിർദ്ദേശങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി പ്രശാന്തിന് സമർപ്പിച്ച ശേഷം വാർത്താസമ്മേളനത്തിലാണ് ശബരിമല കർമ്മസമിതി ഭാരവാഹികൾ ഇക്കാര്യം ഉന്നയിച്ചത്.
നിലയ്‌ക്കൽ മുതൽ പമ്പ വരെയുളള യാത്രയിൽ തീർത്ഥാടകരെ കുത്തിനിറച്ചാണ് കെഎസ്ആർടിസി ബസുകളിൽ കൊണ്ടുപോകുന്നത്. കെഎസ്ആർടിസി അമിതമായ ചാർജ്ജും ഈടാക്കുന്നുണ്ട്. സൗജന്യ യാത്രാസൗകര്യമേർപ്പെടുത്താൻ വിശ്വഹിന്ദു പരിഷത് ഉൾപ്പെടെയുളള സംഘടനകൾ തയ്യാറായിട്ടും എന്തുകൊണ്ട് വേണ്ടെന്ന് പറയുന്നുവെന്ന് മനസിലാകുന്നില്ലെന്ന് ശബരിമല കർമ്മസമിതി ദേശീയ ജനറൽ സെക്രട്ടറി എസ്‌ജെആർ കുമാർ പറഞ്ഞു.
സുപ്രീംകോടതി വരെയെത്തിയ കേസാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുന്ന് യാത്ര ചെയ്യാമെന്ന രീതിയിലാണ് അമിത ചാർജ്ജ് ഈടാക്കുന്നത്. എന്നിട്ടും അത് സാധിക്കുന്നില്ല. ദേവസ്വം ബോർഡിന് സൗജന്യമായി യാത്ര ഒരുക്കാൻ സാധിച്ചില്ലെങ്കിൽ സൗജന്യയാത്ര ഒരുക്കാൻ ഹൈന്ദവ സംഘടനകൾ തയ്യാറാണെന്ന് അറിയിച്ചിരുന്നു. അതിൽ പോസിറ്റീവ് ആയ പ്രതികരണം ലഭിച്ചിട്ടില്ല. സംഘർഷരഹിതമായ തീർത്ഥാടനം ഉറപ്പാക്കണമെങ്കിൽ ഇതൊക്കെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ചക്കുപാലം പാർക്കിംഗ് ഗ്രൗണ്ടിലും ഹിൽടോപ്പിലെ മൂന്ന് തട്ടുകൾ ഉളള പാർക്കിംഗിലും ത്രിവേണിയിലും തീർത്ഥാടകരുമായി വരുന്ന സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇവിടെ ചെറിയ വാഹനങ്ങൾ പോലും പാർക്ക് ചെയ്യാൻ അനുവദിക്കുന്നില്ല. ഇത് അനുവദിച്ചാൽ നിലയ്‌ക്കൽ-പമ്പ പാതയിലെ രണ്ട് തവണ നടത്തുന്ന യാത്ര ഒഴിവാക്കി ഗതാഗത തിരക്ക് കുറയ്‌ക്കാൻ സാധിക്കുമെന്നും സമിതി നിർദ്ദേശിച്ചു.
അയ്യപ്പ ഭക്തർക്ക് സൗജന്യ താമസ സൗകര്യം ഒരുക്കുന്നതിനായി ധർമ്മശാലകൾ നിർമ്മിക്കാൻ നടപടികൾ സ്വീകരിക്കണം. അയ്യപ്പൻമാർക്കുളള ഭക്ഷണം ദേവസ്വം ബോർഡ് സൗജന്യമായി കൊടുക്കണം. തിരുപ്പതി പോലുളള തീർത്ഥാടന കേന്ദ്രങ്ങളിൽ അങ്ങനെ ചെയ്യുന്നുണ്ട്. ദേവസ്വം ബോർഡിന് സാധിക്കുന്നില്ലെങ്കിൽ ഹൈന്ദവ സംഘടനകൾ അന്നദാനത്തിന് തയ്യാറാണ്. അവരെ ഏതൊക്കെ രീതിയിൽ സഹകരിപ്പിക്കാമെന്ന് ആലോചിക്കണം. ശബരിമലയിൽ വരുന്നവർ തീർത്ഥാടനത്തിന് വരുന്നവരാണ്. അവിടെ ഭക്ഷണത്തിലുൾപ്പെടെ പരിശുദ്ധി ഉറപ്പുവരുത്തണമെന്നും എസ്‌ജെആർ കുമാർ ആവശ്യപ്പെട്ടു.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വിആർ രാജശേഖരൻ, ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അദ്ധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ജയൻ ചെറുവളളി, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിമാരായ സന്ദീപ് തമ്പാനൂർ, കെ പ്രഭാകരൻ തുടങ്ങിയവരാണ് ദേവസ്വം പ്രസിഡന്റിനെ സന്ദർശിച്ച് നിർദ്ദേശങ്ങൾ സമർപ്പിച്ചത്.
ഹൈന്ദവ സംഘടനകളുമായി കൂടിയാലോചിച്ച് രൂപം കൊടുത്ത നിർദ്ദേശങ്ങളാണ് ദേവസ്വം ബോർഡിന് നൽകിയിട്ടുളളത്. കഴിഞ്ഞ വർഷമുൾപ്പെടെ തീർത്ഥാടകർ പകുതി വഴിയിൽ തിരിച്ചുപോകുന്ന സാഹചര്യം ഉണ്ടാകുകയും വലിയ പ്രതിഷേധത്തിന് വഴിയൊരുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുൻകൂട്ടി നിർദ്ദേശങ്ങൾ സമർപ്പിച്ചത്.