ഫ്ലോറിഡ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനൊരുങ്ങി ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ്. നാസയുടെ ബഹിരാകാശ സഞ്ചാരിയായ സുനിത നിലവിൽ അന്തരാഷ്‌ട്ര ബഹിരാകാശ നിലയത്തിലാണുള്ളത്. സുനിതയും സഹ യാത്രികനായ ബുച്ച് വിൽമോറും അടുത്ത വർഷം ഫെബ്രുവരി വരെ ബഹിരാകാശത്ത് തുടരുമെന്നാണ് റിപ്പോർട്ടുകൾ.
നവംബർ അഞ്ചിന് നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ബഹിരാകാശ നിലയത്തിൽ നിന്ന് സുനിതാ വില്യംസ് വോട്ട് രേഖപ്പെടുത്തുന്നത്. സെപ്റ്റംബർ 12 ന് നടന്ന സംഭാഷണത്തിനിടെ വോട്ടെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് സുനിതാ വില്യംസ് പറഞ്ഞിരുന്നു.
“യുഎസ് പൗരൻ എന്ന നിലയിൽ ഇത് വളരെ പ്രധാനപ്പെട്ട ഒരു കടമയാണ്. ബഹിരാകാശത്ത് നിന്ന് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. അത് വളരെ രസകരവുമാണ്,” സുനിത പറഞ്ഞു.
വിദേശത്ത് താമസിക്കുന്ന യുഎസ് പൗരന്മാർക്ക് വോട്ട് ചെയ്യാനായി രൂപകൽപന ചെയ്ത നടപടിക്രമം പിന്തുടർന്നാണ് സുനിതാ വില്യംസ് ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യുക. ഇതിനായി ബഹിരാകാശ നിലയത്തിന്റെ സ്ഥാനത്തിൽ മാറ്റം വരുത്തും. വോട്ട് ചെയ്യാനുള്ള ബാലറ്റിനായി അവർ ഒരു ഫെഡറൽ പോസ്റ്റ്കാർഡ് ആപ്ലിക്കേഷൻ
സമർപ്പിക്കും. തുടർന്ന് ബാലറ്റ് ലഭ്യമായിക്കഴിഞ്ഞാൽ സുനിതാ വില്യംസ് ഇത് ബഹിരാകാശനിലയത്തിലെ കമ്പ്യൂട്ടർ സംവിധാനം ഉപയോഗിച്ച് ഇലക്ട്രോണിക് രീതിയിൽ പൂരിപ്പിക്കും. നാസയുടെ അത്യാധുനിക സ്പെയ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് നാവിഗേഷൻ പ്രോഗ്രാം ഉപയോഗിച്ച് സുനിതയുടെ വോട്ട് ഭൂമിയിലേക്ക് കൈമാറും.
സുനിതാ വില്യംസിന് മാത്രമല്ല വോട്ടവകാശം രക്ഷപ്പെടുത്താനുള്ള അവസരം നാസ നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ബഹിരാകാശത്തുള്ള യാത്രികർക്കെല്ലാം ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കും. 1997 ലാണ് ഇത് സംബന്ധിച്ച ബിൽ ടെക്സസ് നിയമസഭ പാസാക്കിയത്. അന്നുമുതൽ ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യുന്ന പ്രക്രിയ നിലവിലുണ്ട്.















