ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടി20യിൽ ഇന്ത്യൻ പുരുഷ ടീമിന് വമ്പൻ സ്കോർ. നിശ്ചിത ഓവറിൽ 9 വിക്കറ്റിൽ 221 റൺസാണ് ഇന്ത്യ അടിച്ചൂക്കൂട്ടിയത്. തുടക്കത്തിലെ തകർച്ച അതിജീവിച്ച ആതിഥേയർ പിന്നീട് ബംഗ്ലാദേശ് ബൗളർമാരെ തല്ലിയൊതുക്കുകയായിരുന്നു. ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയുടെ കന്നി അർദ്ധസെഞ്ചുറിയാണ് (34 പന്തിൽ 74 ) ഇന്ത്യക്ക് കരുത്തായത്. 7 പടുകൂറ്റൻ സിക്സറുകളും 4 ബൗണ്ടറിയും പറത്തിയാണ് താരം കരിയറിലെ മികച്ച സ്കോർ കണ്ടെത്തിയത്.
റിങ്കു സിംഗും താരത്തിന് മികച്ച പിന്തുണ നൽകി. നിതീഷ് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഹാർദിക് തുടക്കം മുതലെ ആക്രമണം അഴിച്ചുവിട്ടു.തൊട്ടുപിന്നാലെ റിങ്കുവും കത്തിക്കയറി. ഇതിനിടെ താരം 26 പന്തിൽ അർദ്ധശതകവും സ്വന്തമാക്കി. 53 റൺസെടുത്ത താരത്തെ ടസ്കിൻ അഹമ്മദാണ് പുറത്താക്കിയത്.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണർമാർ നിരാശപ്പെടുത്തിയിരുന്നു. 7 പന്തിൽ 10 റൺസുമായി സഞ്ജുവും 11 പന്തിൽ 15 റൺസുമായി അഭിഷേക് ശർമയും പുറത്തായി. പിന്നാലെയെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് കാര്യമായി ഒന്നും ചെയ്യാനായില്ല. എട്ടു റൺസെടുത്ത ക്യാപ്റ്റനെ മുസ്താഫിസൂർ പുറത്താക്കി. പിന്നീട് ക്രീസിലൊന്നിച്ച നിതീഷ്-റിങ്കു സഖ്യം 49 പന്തിൽ 108 റൺസാണ് അടിച്ചുകൂട്ടിയത്.
6 പന്തിൽ 15 റൺസുമായി പരാഗ് തന്റെ ഭാഗം ഭംഗിയാക്കി. 19 പന്തിൽ 32 റൺസെടുത്ത ഹാർദിക്കിനെ റിഷാദ് ഹൊസൈൻ കൂടാരം കയറ്റി. തസ്കിൻ അഹമ്മദ്, തൻസിം ഹൻ , മുസ്താഫിസുർ റഹ്മാൻ എന്നിവർക്ക് രണ്ടുവിക്കറ്റ് വീതം ലഭിച്ചു. ഇതിൽ തൻസിം തല്ല് വാങ്ങിക്കൂട്ടി.വരുൺ ചക്രബർത്തി(0) അർഷദീപ് സിംഗ്(6) എന്നിവരാണ് പുറത്തായ താരങ്ങൾ.















