‘ഒറ്റക്കൊമ്പൻ’ എന്ന സിനിമയിലെ യഥാർത്ഥ നായകൻ ‘കുരുവിനാൽ കുന്നേൽ കുറുവാച്ചനെ’ നേരിൽ കാണാനെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലാ ഇടമറ്റത്തെ വീട്ടിലെത്തിയ സുരേഷ് ഗോപിയെ കുറുവാച്ചനും കുടുംബവും ചേർന്ന് സ്വീകരിച്ചു. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
കോട്ടയത്തെ പൊതുപരിപാടികൾക്കെത്തിയ കേന്ദ്രമന്ത്രി രാവിലെ 11.30ഓടെയാണ് കരുവിനാൽ കുന്നേൽ ജോസ് എന്ന കരുവിനാൽ കുന്നേൽ കുറുവാച്ചന്റെ വീട്ടിൽ എത്തിയത്. കേന്ദ്രമന്ത്രിയെ സ്വീകരിച്ച കുറുവാച്ചന്റെ കുടുംബത്തോട് സുരേഷ് ഗോപി ഏറെനേരം കുശലം പറഞ്ഞിരുന്നു. ഇതിന് ശേഷം കുറുവാച്ചനെ കേന്ദ്രമന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. ഇതിനിടെ കുറുവാച്ചന്റെ സുഹൃത്തുക്കളും അയൽക്കാരുമെല്ലാം കേന്ദ്രമന്ത്രിയെ കാണാൻ വീട്ടിലെത്തിയിരുന്നു. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ ഒറ്റക്കൊമ്പൻ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അഭിനയിക്കാനുള്ള അനുമതി നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പുനൽകിയിട്ടുണ്ടെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
വർഷങ്ങൾക്ക് മുൻപ് കുറുവാച്ചന്റെ ജീവിതത്തിലുണ്ടായ സംഘർഷഭരിതമായ കാലമാണ് ഒറ്റക്കൊമ്പൻ സിനിമയായി എത്തുന്നത്. അയൽവാസിയായ ഉന്നത പൊലീസുദ്യോഗസ്ഥനും കുറുവാച്ചനും തമ്മിലുണ്ടായ തർക്കങ്ങൾ കേരളത്തിന്റെ നീതിന്യായ ചരിത്രത്തിലെ നിർണായകമായ ഏടുകളിലൊന്നാണ്. പൊലീസിൽ നിന്ന് സംരക്ഷണം തേടി കുറുവാച്ചൻ കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. ഈ സംഭവവികാസങ്ങളാണ് ‘ഒറ്റക്കൊമ്പൻ’ സിനിമയ്‌ക്കാധാരം. ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി 2022ൽ പുറത്തിറങ്ങിയ ‘കടുവ’ എന്ന ചിത്രം സമാനമായ കഥയാണ് സംസാരിച്ചത്. എന്നാൽ തന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളെ വളച്ചൊടിച്ചാണ് കടുവയിൽ ചിത്രീകരിച്ചിരിക്കുന്നതെന്ന് കുറുവാച്ചൻ പ്രതികരിച്ചിരുന്നു.