മുംബൈ: ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനും വ്യവസായ പ്രമുഖനുമായ രത്തൻ ടാറ്റയുടെ വിയോഗത്തിന് പിന്നാലെ ആളുകൾ ഏറ്റവും അധികം സമൂഹമാദ്ധ്യമങ്ങളിൽ തിരഞ്ഞ ഒരു പേരാണ് ശന്തനു നായിഡു എന്ന ചെറുപ്പക്കാരന്റേത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രത്തൻ ടാറ്റയ്‌ക്കൊപ്പം പതിവായി കാണുന്ന ഈ ചെറുപ്പക്കാരനെ അധികം വൈകാതെ തന്നെ മാദ്ധ്യമങ്ങളും അതുവഴി സാധാരണക്കാരും ശ്രദ്ധിച്ചുതുടങ്ങി.
രത്തൻ ടാറ്റയുടെ ജന്മദിനത്തിൽ കപ്പ് കേക്കിന് മുൻപിൽ ബർത്ത് ഡേ ആഘോഷിച്ച ഒരു ദൃശ്യം പുറത്ത് വന്നതോടെയാണ് ശന്തനുവിനെ കുറിച്ചും ആളുകൾ അന്വേഷിച്ച് തുടങ്ങിയത്. രത്തൻ ടാറ്റയുടെ മകനാണെന്നും ചെറുമകനാണെന്നുമെല്ലാമുള്ള തരത്തിലാണ് ആദ്യം ശന്തനുവിനെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചത്. എന്നാൽ രത്തൻ ടാറ്റയുടെ പേഴ്‌സണൽ അസിസ്റ്റന്റും, ബിസിനസ് ജനറൽ മാനേജരുമാണ് 29കാരനായ ശന്തനു. ടാറ്റ ഓഫീസ് ജനറൽ മാനേജർ എന്നാണ് ഇദ്ദേഹത്തിന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ പറയുന്നത്.
പൂനെയിൽ ജനിച്ചു വളർച്ച ശന്തനു, 2014ൽ സാവിത്രിഭായ് ഫൂലെ പൂനെ സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിങ്ങിൽ ബിരുദം സ്വന്തമാക്കി. 2016ൽ കോർണൽ ജോൺസൺ ഗ്രാജ്വേറ്റ് സ്‌കൂൾ ഓഫ് മാനേജ്മെന്റിൽ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. പഠനം പൂർത്തിയാക്കിയ ശേഷം ടാറ്റ എൽക്സിയിൽ ഓട്ടോമൊബൈൽ ഡിസൈൻ എഞ്ചിനീയറായാണ് കരിയറിന് തുടക്കമിടുന്നത്.
ഇവിടെ ജോലി ചെയ്യുന്നതിനിടെയാണ് തെരുവുനായകൾക്ക് വേണ്ടി അദ്ദേഹം ഒരു പദ്ധതിക്ക് തുടക്കമിടുന്നത്. വാഹനങ്ങളുടെ അമിതവേഗം കാരണം നായകൾ ചത്തൊടുങ്ങുന്നത് സാധാരണമായിരുന്നു. ഇതിനുള്ള പരിഹാരമാണ് ശന്തനു കണ്ടെത്തിയത്. തെരുവുവിളക്കുകൾ ഇല്ലാത്ത സമയങ്ങളിൽ പോലും തെരുവുനായകളെ വാഹനങ്ങൾക്ക് കാണാൻ സാധിക്കുന്ന കോളറുകളാണ് ശന്തനു ആവിഷ്‌കരിച്ചത്.
ഈ സംരംഭത്തിന് പിന്തുണ തേടി ശന്തനു രത്തൻ ടാറ്റയ്‌ക്ക് കത്ത് കൈമാറിയിരുന്നു. കത്ത് ലഭിച്ച ഉടനെ തന്നെ രത്തൻ ടാറ്റ ഇതിനോട് പ്രതികരിക്കുകയും, സംരംഭത്തെ കുറിച്ച് ചർച്ച ചെയ്യാൻ ശന്തനുവിനോട് നേരിട്ട് എത്താനും ആവശ്യപ്പെടുകയായിരുന്നു. ഇരുവരും മൃഗസ്‌നേഹികളാണ് എന്നത് സംഭാഷണത്തെ ആയാസരഹിതമാക്കി. ഈ കണ്ടുമുട്ടലാണ് പിന്നീട് വലിയ സൗഹൃദബന്ധത്തിന് തുടക്കമിട്ടത്. അവിടെ നിന്ന് രത്തൻ ടാറ്റയുടെ സഹായിയായും പിന്നീട് ജനറൽ മാനേജരായി ഉയരാനും ശന്തനുവിന് സാധിച്ചു.
ടാറ്റ ഗ്രൂപ്പിലെ പദവികൾക്ക് പുറമെ ഗുഡ്ഫെലോസ് എന്ന സ്റ്റാർട്ടപ്പിനും ശന്തനു തുടക്കമിട്ടിരുന്നു. മുതിർന്ന പൗരന്മാരെ സഹായിക്കുക എന്ന ലക്ഷ്യത്തിലാണ് സ്റ്റാർട്ടപ്പ് ആരംഭിക്കുന്നത്. അഞ്ച് കോടിയോളം രൂപയാണ് സ്റ്റാർട്ടപ്പിനായി സമാഹരിച്ചത്. പ്രായാധിക്യം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുള്ള സഹായമാണ് ഇതുവഴി ചെയ്ത് വരുന്നത്. ശന്തനുവിന്റെ ഈ സംരംഭത്തിനും രത്തൻ ടാറ്റ പിന്തുണ നൽകിയിരുന്നു, ഇതിന്റെ ഭാഗമായി അദ്ദേഹവും ഇതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.















