കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയാ പിഴവെന്ന് പരാതി. ഹെർണിയ ശസ്ത്രക്രിയ നടത്തേണ്ടതിന് പകരം കാലിലേക്കുള്ള ഞരമ്പ് മുറിച്ചെന്നാണ് പരാതി. ഇതോടെ പുല്ലൂർ പെരളത്തെ വി. അശോകന്റെ 10- വയസ്സുകാരൻ മകൻ ആദിനാഥ് ദുരിതക്കിടക്കയിലായി.
സെപ്റ്റംബർ 19-ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സർജൻ ഡോ. വിനോദ് കുമാറാണ് കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്‌ക്കിടെ അബദ്ധത്തിൽ പ്രധാന ഞരമ്പ് മുറിഞ്ഞുപോയെന്നും കുട്ടിയെ വിദഗ്ദ ചികിത്സയ്‌ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കണമെന്നും ചികിത്സാച്ചെലവ് താൻ വഹിക്കാമെന്നും കുട്ടിയുടെ പിതാവിനെ ഡോക്ടർ അറിയിച്ചു. ആശുപത്രിയിലെ നഴ്സിന്റെ സഹായത്തോടെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
രണ്ടു ദിവസം തീവ്രപരിചരണവിഭാഗത്തിൽ കഴിഞ്ഞ കുട്ടി അഞ്ച് ദിവസത്തിന് ശേഷം ആശുപത്രി വിട്ടെങ്കിലും ശസ്ത്രക്രിയാ മുറിവുണക്കിയതല്ലാതെ അറ്റുപോയ പ്രധാന ഞരമ്പ് തുന്നിച്ചേർക്കുകയോ ഹെർണിയ ശസ്ത്രക്രിയ നടത്തുകയോ ചെയ്തില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. കുട്ടിക്ക് ഇരിക്കാനും നടക്കാനും ബുദ്ധിമുട്ടുണ്ടെന്ന് കുടുംബം പറയുന്നു.
കണ്ണൂരിലെ ആശുപത്രി ചെലവ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ തന്നെ വഹിച്ചെങ്കിലും ശസ്ത്രക്രിയ നേരത്തെയാക്കുന്നതിന് 3,000 രൂപയും അനസ്തീസിയ ഡോക്ടർക്ക് 1,500 രൂപയും കൈക്കൂലി നൽകിയതായും കുട്ടിയുടെ പിതാവ് അശോകൻ പറഞ്ഞു. ആശുപത്രിയിൽ നിന്നു ഡിസ്ചാർജായ ശേഷം കാഞ്ഞങ്ങാട്ടെ ഡോക്ടർ തങ്ങളെ വിളിക്കുക പോലും ചെയ്തില്ലെന്നും പിതാവ് ആരോപിക്കുന്നു. സംഭവത്തിൽ കാസർകോട് ഡിഎംഒക്ക് പരാതി നൽകിയിട്ടുണ്ട്.
ആറ് മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. പരസഹായമില്ലാതെ കുട്ടിക്ക് നടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. കൂലിപ്പണി ചെയ്ത് കുടുംബം നോക്കുന്ന അശോകൻ കുട്ടിയുടെ ചികിത്സക്കായി ഇനിയെന്ത് ചെയ്യുമെന്നറിയാതെ ആശങ്കയിലാണ്.















