കൊച്ചി: ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വരും തലമുറകൾക്ക് വലിയ പ്രചോദനമാണ് അദ്ദേഹത്തിന്റെ ജീവിതമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇന്നലെ രാത്രിയാണ് അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നത്. രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
”ദാർശനികനും രാഷ്‌ട്രത്തിന്റെ വികസനത്തിനായി പ്രയത്‌നിക്കുകയും ചെയ്ത രത്തൻ ടാറ്റയുടെ വിയോഗ വാർത്ത അതീവ ദു:ഖമുണ്ടാക്കുന്നതാണ്. വരും തലമുറകൾക്കും വലിയ പ്രചോദനമാണ് അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും അദ്ദേഹത്തോട് അടുത്ത് പ്രവർത്തിക്കുന്നവർക്കും അനുശോചനം അറിയിക്കുകയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്.
ഇന്ത്യയുടെ വളർച്ചയ്‌ക്കും വികസനത്തിനും അദ്ദേഹം നൽകിയ സംഭാവനകൾക്ക് നാം അദ്ദേഹത്തോട് എപ്പോഴും നന്ദിയുള്ളവരായിരിക്കും. രത്തൻ ടാറ്റയുടെ നേതൃപാടവവും സഹജീവി സ്‌നേഹവുമെല്ലാം ഓരോരുത്തരിലും വലിയ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്. അദ്ദേഹം ഉയർത്തിക്കാട്ടിയ മൂല്യങ്ങൾക്കായി പരിശ്രമിക്കാമെന്നും, ആ ജീവിതത്തെക്കുറിച്ച് നന്ദിയോടെ സ്മരിക്കാമെന്നും” സുരേഷ് ഗോപി തന്റെ കുറിപ്പിൽ പറയുന്നു.















