തിരുവനന്തപുരം : ഭാഷാ പഠനത്തെ നിരുത്സാഹപ്പെടുത്തുന്ന കലോത്സവ മാന്വൽ പരിഷ്കരണം നിർത്തിവെക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് (കേരളം) ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളാ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടിക്ക് നിവേദനം സമർപ്പിച്ചു.
“കലോത്സവത്തിൽ പരമാവധി 3 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പിനങ്ങളിലും ജനറൽ വിഭാഗത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചിരുന്ന കുട്ടികൾക്ക്, ഇതിന് പുറമേ സംസ്കൃതോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിലും പ്രത്യേകം മത്സരിക്കാൻ ലഭിച്ചിരുന്ന അവസരം പരിഷ്കരണത്തോടെ നഷ്ടപ്പെട്ടിരിക്കുകയാണ്. രണ്ട് വർഷം മുമ്പ് വിദ്യാഭ്യാസ വകുപ്പ് ഇത്തരമൊരു പരിഷ്കരണവുമായി മുന്നോട്ട് വന്നിരുന്നെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് പിന്നോക്കം പോവുകയായിരുന്നു. ഇപ്പോൾ സ്കൂൾ തല മത്സരങ്ങൾ ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞ സാഹചര്യത്തിൽ പുതിയ പരിഷ്കരണ ഉത്തരവ് വിദ്യാർത്ഥികൾക്കും സ്കൂൾ അധികൃതർക്കും ഒരുപോലെ പ്രയാസം ഉണ്ടാക്കിയിരിക്കുകയാണ്.
ക്ലാസിക്കൽ ഭാഷയായ സംസ്കൃതത്തിന്റെ വ്യാപനത്തിനും പ്രോത്സാഹനത്തിനും വേണ്ടി കൂടിയാണ് സംസ്കൃതോത്സവം പ്രത്യേകമായി നടത്തിവന്നിരുന്നതും സംസ്കൃത വിദ്യാർത്ഥികൾക്ക് വിശേഷാൽ അവസരം നൽകി വന്നിരുന്നതും. അറബിക് സാഹിത്യോത്സവത്തിന്റെ കാര്യവും ഇതുതന്നെയാണ്. അതിനാൽ, കേവലം മത്സരസ്വഭാവത്തിൽ മാത്രം ഇതിനെ കാണാതെ, ഭാഷാ പഠനത്തിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കാനുളള അവസരവും പ്രോത്സാഹനവുമായി കാണുകയും നിലവിൽ സംസ്കൃത – അറബി വിദ്യാർത്ഥികൾക്ക് അധികമായി ലഭിക്കുന്ന മത്സര അവസരം നിലനിർത്തണമെന്നും അഭ്യർത്ഥിക്കുന്നു.” ദേശീയ അദ്ധ്യാപക പരിഷത്ത് നിവേദനത്തിൽ പറയുന്നു.
കലോത്സവ വിധി നിർണ്ണയം അപൂർവം ചിലയിടങ്ങളിലെങ്കിലും പരിപൂർണ്ണമായും നീതിപൂർവകമായി നടക്കുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. അങ്ങനെയിരിക്കെ, വിധിനിർണ്ണയത്തിലെ നിക്ഷ്പക്ഷതയോ സാങ്കേതികപ്പിഴവോ ചോദ്യം ചെയ്ത് അപ്പീൽ നൽകുന്നതിനുള്ള ഫീസ് ഇരട്ടിയോ അതിലധികമോ ആയി വർധിപ്പിച്ച നടപടി പിൻവലിക്കേണ്ടതാണ്. അപ്പീലുമായി സംസ്ഥാനതലത്തിൽ മത്സരിക്കുന്ന വിദ്യാർത്ഥിക്ക് ജില്ലയിൽ നിന്ന് ഒന്നാം സ്ഥാനം നേടി മത്സരിക്കുന്ന വിദ്യാർത്ഥിയെക്കാൾ ഉയർന്ന സ്കോർ ലഭിച്ചാൽ മാത്രമേ ഗ്രേഡോ ആനുകൂല്യങ്ങളോ അനുവദിച്ചാൽ മതിയെന്ന പരിഷ്കാരവും വിദ്യാർത്ഥി സൗഹൃദമായി കാണാനാവില്ല. ഒന്നാം സ്ഥാനം നേടി വരുന്ന കുട്ടിയുടെ ഒപ്പം സ്കോർ നേടിയാലും ഗ്രേഡും ആനുകൂല്യങ്ങളും നൽകുന്ന നിലവിലെ രീതി തുടരണമെന്നും ദേശീയ അദ്ധ്യാപക പരിഷത്ത് അഭ്യർത്ഥിച്ചു.