തിരുവനന്തപുരം: മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ ആരോപിക്കപ്പെട്ട കോഴക്കേസിൽ കുറ്റ വിമുക്തനാക്കിയ സംഭവത്തിൽ തനിക്കെതിരെയുള്ള ആരോപണത്തിൽ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തു വന്നു. തനിക്കെതിരെ ചില മാധ്യമങ്ങൾ നടത്തുന്ന അനീതിക്കെതിരെ അദ്ദേഹം പത്രസമ്മേളനത്തിൽ ആഞ്ഞടിച്ചു.
ഒരു ചാനൽ നിന്ദ്യമായ അനീതി കാണിച്ചു. ഇന്നലെ ഏകപക്ഷീയമായി ചർച്ച നടത്തി. ചർച്ചയ്ക്ക് വിളിച്ച ആളുകളും അവതാരകനും കോൺഗ്രസുകാർ മാത്രമായിരുന്നു. വിധി പോലും വായിക്കാതെയാണ് ചർച്ചയിൽ പങ്കെടുത്തവർ തനിക്കെതിരെ പറഞ്ഞത്.
പുറംലോകം അറിയാത്ത പല കാര്യങ്ങളും ഈ കേസിലുണ്ട്. പക്ഷെ വിചാരണയുടെ ആവശ്യമില്ലാത്ത കള്ളക്കേസാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു
മഞ്ചേശ്വരം കോഴക്കേസിൽ യുഡിഎഫും, മുസ്ലീം ലീഗും യാതൊരു പരാതിയും നൽകിയില്ല.കൊടകര കുഴൽപ്പണ കേസിൽ പ്രതിയാകുമെന്ന് ഭീഷണിപ്പെടുത്തിയാണ് ചില കാര്യങ്ങൾ സുന്ദരയെ കൊണ്ട് പറയിപ്പിച്ചത്. ചർച്ച നടത്തിയ ചാനൽ സുന്ദരയുടെ ആദ്യകാല പ്രതികരണം പരിശോധിക്കണം എന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
“തികഞ്ഞ ആത്മവിശ്വാസം ഉള്ളതു കൊണ്ടാണ് വിടുതൽ ഹർജിക്ക് പോയത്. കേസ് നിലനിൽക്കുന്നതല്ല എന്ന് കോടതിക്ക് ബോധ്യം വന്നു. തികഞ്ഞ ആത്മവിശ്വാസമുള്ളത് കൊണ്ട് കോടതിയെ സത്യം ബോധിപ്പിക്കാൻ കഴിഞ്ഞു.” കെ സുരേന്ദ്രൻ എടുത്ത് പറഞ്ഞു .
തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഒഫീസിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചത്.