കോഴിക്കോട്: പയ്യോളിയിൽ നിന്നും കാണാതായ നാല് മദ്രസ വിദ്യാർത്ഥികളെ കണ്ടെത്തി. ആലുവയിലെ ലോഡ്ജിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. നിലവിൽ കുട്ടികൾ ആലുവ പൊലീസ് സ്റ്റേഷനിലാണുള്ളത്.
പയ്യോളിയിലെ ചെരിച്ചിൽ മദ്രസയിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥികളെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായത്. സഹപാഠികളായ നാല് വിദ്യാർത്ഥികളാണ് ഹോസ്റ്റലിൽ നിന്നും പോയത്. ഇവരെ കണാതായതിന് പിന്നാലെ പൊലീസ് വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. യൂബർ ഡ്രൈവറാണ് കുട്ടികളെക്കുറിച്ചുളള വിവരം നൽകിയതെന്നാണ് സൂചന. കുട്ടികൾ ആലുവയിലുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് ആലുവയിലെത്തി തെരച്ചിൽ നടത്തുകയായിരുന്നു. ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
എന്തുകൊണ്ടാണ് ഹോസ്റ്റലിൽ നിന്ന് പോയത് എന്നുൾപ്പെടെയുള്ള വിശദാംശങ്ങൾ പൊലീസ് വിദ്യാർത്ഥികളോട് ചോദിച്ചുവരികയാണ്. രക്ഷകർത്താക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.















