ആലുവ: ഇലക്ട്രിക് സ്‌കൂട്ടർ ബുക്ക് ചെയ്തിട്ടും യഥാസമയം നൽകിയില്ലെന്ന പരാതിയിൽ ഒല കമ്പനി 1.5 ലക്ഷം രൂപ നൽകണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃ തർക്ക പരിഹാരഫോറം. സ്‌കൂട്ടറിന്റെ വില പലിശ സഹിതവും കൂടാതെ നഷ്ടപരിഹാരവും നൽകാനാണ് എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ ഉത്തരവ്. ആലുവ സ്വദേശിനി നൽകിയ പരാതിയിലാണ് നടപടി.
നഷ്ടപരിഹാരവും കോടതി ചെലവും 45 ദിവസത്തിനകം നൽകണമെന്ന് ഉത്തരവിൽ പറയുന്നു. അഡ്വാൻസ് തുക നൽകി ബുക്ക് ചെയ്ത വാഹനമാണ് യഥാസമയം ഡെലിവറി നൽകാതിരുന്നത്. 2021 ഒക്ടോബർ മാസത്തിലാണ് അഡ്വാൻസ് നൽകി പരാതിക്കാരി ഒല ട1 ഇലക്ട്രിക് സ്‌കൂട്ടർ ബുക്കുചെയ്തത്. എന്നാൽ ആ മോഡൽ ലഭ്യമല്ല എന്ന് കമ്പനി പിന്നീട് അറിയിച്ചു. തുടർന്ന് പുതിയ മോഡൽ ബുക്ക് ചെയ്തു. 1,15,332/ രൂപയും നൽകി . അതിനിടെ
എന്നാൽ മുപ്പതിനായിരം രൂപ കൂടി അധികമായി നൽകണമെന്ന് കമ്പനി പിന്നീട് പരാതിക്കാരിയെ അറിയിച്ചു. തുടർന്നാണ് പരാതിക്കാരി ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചത്.
വാഗ്ദാനം ചെയ്ത ഉൽപന്നം യഥാസമയം നൽകുന്നതിൽ സ്‌കൂട്ടർ നിർമ്മാതാക്കൾ വീഴ്ചവരുത്തി. മാത്രമല്ല കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്തുവെന്ന് ഡി.ബി ബിനു അദ്ധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ഫോറം കണ്ടെത്തി.
തുടർന്ന് സ്‌കൂട്ടറിന്റെ വിലയായ 1,15,332/ രൂപ 9% പലിശ സഹിതവും കൂടാതെ നഷ്ടപരിഹാരമായി 25000 രൂപയും കോടതി ചെലവിനത്തിൽ 10,000 രൂപയും 45 ദിവസത്തിനകം ഒല കമ്പനി പരാതിക്കാരിക്ക് നൽകാനും ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവിട്ടു.















