ബോഗയ്ൻവില്ല എന്ന ചിത്രത്തെ ആരും തെറ്റായ രീതിയിൽ വ്യാഖ്യാനിക്കരുതെന്ന് നടി ജ്യോതിർമയി. സിനിമ പോസിറ്റീവായിട്ട് മാത്രം കാണണമെന്നും അതിനെ മറ്റൊരു രീതിയിലും ചിത്രീകരിക്കരുതെന്നും ജ്യോതിർമയി അഭ്യർത്ഥിച്ചു. ഭർത്താവും സംവിധായകനുമായ അമൽ നീരദിന്റെ പുതിയ ചിത്രം ബോഗയ്ൻവില്ലയുടെ പ്രമോഷന്റെ ഭാഗമായി സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“എല്ലാത്തിനും നെഗറ്റീവും പോസിറ്റീവുമുണ്ട്. സിനിമ പോസിറ്റീവായിട്ട് മാത്രം കാണുക. കളങ്കമില്ലാതെ ചിത്രീകരിച്ച സിനിമയെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കരുതെന്ന് മാത്രമാണ് പ്രേക്ഷകരോട് പറയാനുള്ളത്. 11 വർഷങ്ങൾക്ക് ശേഷവും പ്രേക്ഷകർ എന്നെ അംഗീകരിക്കുന്നുണ്ടെന്ന് അറിയുന്നതിൽ വളരെയധികം സന്തോഷമുണ്ട്.
ഞാൻ ഈ സിനിമ ചെയ്യണം എന്നത് അമലിന്റെ നിർബന്ധമായിരുന്നു. നല്ല നടിമാർ വെറെയുണ്ട്. ഒന്നുകൂടി ആലോചിച്ച് തീരുമാനിക്കൂ. ഞാൻ ശരിയാകുമോ എന്നൊക്കെ ഞാൻ ഷൂട്ടിംഗ് തുടങ്ങാറായപ്പോഴും ചോദിച്ചിരുന്നു. ആ കഥാപാത്രത്തോട് എത്രത്തോളം നീതിപുലർത്താൻ കഴിയുമെന്ന ടെൻഷൻ എനിക്കുണ്ടായിരുന്നു. 11 വർഷത്തിന് ശേഷം സിനിമയിലേക്ക് വരുന്നതിന്റെ ഒരു പേടിയുമുണ്ടായിരുന്നു.
ഈ കഥാപാത്രം നീ ചെയ്തില്ലെങ്കിൽ സിനിമ ചെയ്യില്ലെന്ന് അമൽ എന്നോട് പറഞ്ഞു. സിനിമയിലേക്ക് എത്തുന്ന പുതിയ താരങ്ങൾക്ക്, പണ്ടത്തേക്കാൾ കുറച്ചുകൂടി ഈസിയായി ഇന്ന് അഭിനയിക്കാൻ സാധിക്കും. വർഷങ്ങൾക്ക് ശേഷം ഞാൻ അഭിനയിക്കുമ്പോൾ എനിക്ക് അത് മനസിലാക്കാൻ സാധിക്കുന്നുണ്ട്.
മുമ്പൊന്നും എന്റെ ഈ ലുക്കിൽ നായികയായി സിനിമ ചെയ്യാൻ സാധിക്കില്ല. നരച്ചമുടിയും മൊട്ടത്തലയുമുള്ള ഹീറോയിനെ വച്ച് ആരും സിനിമ ചെയ്യില്ല. പക്ഷേ, ഇപ്പോഴത്തെ തലമുറ ഇതൊക്കെ അംഗീകരിക്കുന്നവരാണ്. മാറ്റങ്ങളും വ്യത്യാസങ്ങളും മനസിലാക്കുന്ന തലമുറയാണ് ഇന്നുള്ളത്”. ചിത്രത്തിന്റെ പാട്ട് ഇറങ്ങിയശേഷം ഒരുപാട് പേർ വിളിച്ച് ആശംസകൾ അറിയിച്ചുവെന്നും ജ്യോതിർമയി പറഞ്ഞു.