പത്തനംതിട്ട: ഈ വർഷത്തെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ദുർഗാഷ്ടമി ദിനമായ വെള്ളിയാഴ്ച (ഒക്ടോബർ 11) അവധി പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് കേരള എൻജിഒ സംഘ്. പൂജവെയ്പ്പ് ഒക്ടോബർ10 വൈകുന്നേരമാണ് തുടങ്ങുന്നത് എന്നാൽ ദുർഗാഷ്ടമി ദിവസമായ 11 ന് പൊതു അവധി അല്ലാത്തതിനാൽ വിശ്വാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്നും ഒക്ടോബർ 11ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് എൻജിഒ സംഘ് ചീഫ് സെക്രട്ടറിയെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു.
ഈ നിവേദനം ഉൾപ്പെടെ കണക്കിലെടുത്താണ് 11 ന് പൊതുഅവധി നൽകാൻ സർക്കാർ തീരുമാനിച്ചത്. തീരുമാനം സ്വാഗതാർഹമെന്ന് എൻജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ പറഞ്ഞു. നവരാത്രി പൂജകളിൽ ഏറെ പ്രാധാന്യമുളള ദിനമാണ് ദുർഗാഷ്ടമി ദിനമെന്നും അന്ന് പൊതു അവധിയല്ലാത്തത് വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കാണിച്ചാണ് എൻജിഒ സംഘ് നിവേദനം നൽകിയത്.
വിദ്യാവിജയത്തിനും തൊഴിൽ വിജയത്തിനുമുളള പൂജകൾ നടക്കുമ്പോൾ വായനയും തൊഴിലെടുക്കുന്നതും ഒഴിവാക്കണമെന്നാണ് ആചാരമെന്നും എൻജിഒ സംഘ് ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാർ കലണ്ടറിൽ ഒക്ടോബർ 10ന് പൂജവയ്പ്പ് എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും 11 ന് അവധിയായി മാർക്ക് ചെയ്തിട്ടില്ലായിരുന്നു.
നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരമാണ് 11 ന് അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്. വെളളിയാഴ്ച നിശ്ചയിച്ച പരീക്ഷകളും അഭിമുഖങ്ങളും കായികക്ഷമതാ പരീക്ഷകളും, സർവ്വീസ് വെരിഫിക്കേഷനും പ്രമാണ പരിശോധനയും ഉൾപ്പെടെ മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.