എറണാകുളം: കൊച്ചി മട്ടാഞ്ചേരിയിൽ എൽകെജി വിദ്യാർത്ഥിയായ മൂന്നു വയസുകാരന് അദ്ധ്യാപികയുടെ ക്രൂരമർദ്ദനം. ചോദ്യത്തിന് ഉത്തരം പറയാത്തതിന്റെ പേരിൽ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ അദ്ധ്യാപികയായ സീതാലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പാലസ് റോഡിൽ പ്രവർത്തിക്കുന്ന സ്മാർട്ട് കിഡ്‌സ് എന്ന സ്ഥാപനത്തിലാണ് ക്രൂരമർദ്ദനമുണ്ടായത്. ചോദ്യം ചോദിച്ചപ്പോൾ കുട്ടി മറുപടി നൽകാത്തതിൽ പ്രകോപിതയായ അദ്ധ്യാപിക, ചൂരലിന് തല്ലുകയായിരുന്നു. കുട്ടിയുടെ പുറംഭാഗത്ത് മർദ്ദനമേറ്റ പാടുകളുണ്ട്.
പരിക്കേറ്റ കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകിയതായി അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ അദ്ധ്യാപികയെ സ്‌പെൻഡ് ചെയ്തതായും സ്‌കൂൾ അധികൃതർ പറഞ്ഞു.















