ചങ്ങനാശേരി: പൂജവയ്പുമായി ബന്ധപ്പെട്ട് ഒക്ടോബർ 11 ന് അവധി പ്രഖ്യാപിച്ച സർക്കാർ നടപടി സ്വാഗതം ചെയ്ത് എൻഎസ്എസ്. സർക്കാർ തീരുമാനം ഉചിതവും സ്വാഗതാർഹവുമാണെന്ന് എൻഎസ്എസ് പ്രസ്താവനയിൽ പറഞ്ഞു.
അഷ്ടമിനാളിന്റെ കുറച്ച് നാഴിക 10 ാം തീയതി പകൽ സമയത്ത് തുടങ്ങുന്നതിനാൽ നവരാത്രിയോട് അനുബന്ധിച്ചുളള പൂജവയ്പ് ഇത്തവണ ഒരു ദിവസം മുൻപേ ആരംഭിക്കും. 13 നാണ് വിജയദശമി. അന്നാണ് പൂജയെടുപ്പ്. സാധാരണ 11 ന് വൈകിട്ടാണ് പൂജ വയ്‌ക്കുന്നത്. എന്നാൽ അഷ്ടമി നാളിലെ ഈ മാറ്റം കാരണം 10 ന് വൈകിട്ട് തന്നെ പൂജവയ്പ് ആരംഭിക്കും. ഈ സാഹചര്യത്തിലാണ് 11 ന് അവധി വേണമെന്ന ആവശ്യം സംഘപരിവാർ സംഘടനകളും ഹൈന്ദവ സമുദായ സംഘടനകളും ഉന്നയിച്ചത്.
സർക്കാർ കലണ്ടറിൽ ഒക്ടോബർ 10ന് പൂജവയ്പ്പ് എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും 11 ന് അവധിയായി മാർക്ക് ചെയ്തിട്ടില്ലായിരുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനയായ കേരള എൻജിഒ സംഘ്, ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘ്, ദേശീയ അദ്ധ്യാപക പരിഷത് തുടങ്ങിയ സംഘടനകൾ സർക്കാരിന് ഇതുമായി ബന്ധപ്പെട്ട നിവേദനങ്ങൾ നൽകിയിരുന്നു. അവധി പ്രഖ്യാപിക്കണമെന്ന് ഹിന്ദു ഐക്യവേദിയും കേരള ധർമ്മാചാര്യ സഭയും ആവശ്യപ്പെട്ടിരുന്നു.
നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരമാണ് 11 ന് അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്. വെളളിയാഴ്ച നിശ്ചയിച്ച പരീക്ഷകളും അഭിമുഖങ്ങളും കായികക്ഷമതാ പരീക്ഷകളും, സർവ്വീസ് വെരിഫിക്കേഷനും പ്രമാണ പരിശോധനയും ഉൾപ്പെടെ മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.