ചുറ്റും കൂടിയ ജനത്തിരക്ക് കണ്ടിട്ടും അവൻ ബഹളമുണ്ടാക്കിയില്ല. തന്റെ യജമാനനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയവർക്കിടയിലൂടെ ‘ ഗോവ’ യും നടന്നു. പ്രിയ യജമാന്റെ മൃതദേഹം വച്ചിരുന്ന പെട്ടിക്ക് സമീപത്തേക്ക് അവനെ ആരോ എടുത്തുപൊക്കി. ഗോവയുടെ കണ്ണുകളും അപ്പോൾ നിറഞ്ഞിട്ടുണ്ടാകാം.
ന്തരിച്ച വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ പ്രിയപ്പെട്ട വളർത്തുനായ ആയിരുന്നു ഗോവ.
തെരുവ് നായകൾക്കായി തന്റെ ഓഫീസ് വാതിൽ തുറന്നിടുമ്പോൾ യജമാനനായി കാവൽ നിൽക്കുന്ന ‘ ഗോവ’യും അക്കൂട്ടത്തിലുണ്ടായിരുന്നു. രത്തൻ ടാറ്റയെ സംബന്ധിച്ചിടത്തോളം കേവലമൊരു വളർത്തുനായ മാത്രമല്ല ഗോവ. അതിന് പിന്നിൽ ജീവകാരുണ്യ പ്രവർത്തനത്തിന്റെ വലിയൊരു കഥകൂടിയുണ്ട്. ഒരു തെരുവ് നായ, രത്തൻ ടാറ്റ എന്ന മൃഗസ്‌നേഹിയുടെ ജീവതത്തിന്റെ പ്രധാന ഭാഗമായ കഥ!.
ഗോവയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് പട്ടിണി കോലമായ പരിക്കുകൾ പറ്റിയ തെരുവുനായ രത്തൻ ടാറ്റയുടെ കണ്ണിൽ ഉടക്കുന്നത്. ആ യാത്രയിൽ തന്നെ അവനെ കൂടെ കൂട്ടി. മുംബൈയിലെ വസതിയിൽ കൊണ്ടുവന്ന് ‘ ഗോവ’ എന്ന പേരും നൽകി. ഗോവയിൽ നിന്ന് അവനെ കണ്ടുമുട്ടിയത് കൊണ്ടാണ് ഗോവ എന്ന പേര് നൽകിയതെന്ന് അദ്ദേഹം മുൻപ് വ്യക്തമാക്കിയിരുന്നു.
#WATCH | Ratan Tata’s dog, ‘Goa’ paid tribute to veteran industrialist Ratan Tata at the NCPA lawns, in Mumbai.
(Source: Tata Group) pic.twitter.com/vZoGbGt5Oe
— ANI (@ANI) October 10, 2024
ഗോവയുമായും മറ്റ് തെരുവ് നായകളുമായും സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങൾ അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ടിന്റോ, ടാങ്കോ എന്നിവരാണ് രത്തൻ ടാറ്റയുടെ മറ്റ് പ്രിയപ്പെട്ട തെരുവ് നായകൾ. ഇവരിൽ ഒരാൾക്ക് ഗുരുതരമായ അസുഖം ബാധിച്ചതിനെ തുടർന്ന് 2018-ൽ ചാൾസ് മൂന്നാമനിൽ നിന്ന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് വാങ്ങുന്നതിനായുള്ള യാത്ര പോലും അദ്ദേഹം ഒഴിവാക്കി. പിന്നീട് നായയുടെ ചികിത്സകൾക്കും മറ്റുമായി അദ്ദേഹം ഇന്ത്യയിൽ തന്നെ തുടരുകയായിരുന്നു.
തെരുവുനായകൾക്കായി വെള്ളം, ഭക്ഷണം, കളിപ്പാട്ടങ്ങൾ, കളിസ്ഥലങ്ങൾ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ബോംബെ ഹൗസിൽ സജ്ജീകരിക്കാൻ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. വളർത്തു മൃഗങ്ങളുമായുള്ള രത്തൻ ടാറ്റയുടെ ബന്ധം അഭേദ്യമായിരുന്നു. തങ്ങളെ ജീവന് തുല്യം സ്‌നേഹിച്ച പ്രിയപ്പെട്ട യജമാനൻ യാത്രയാകുമ്പോൾ ഗോവയും, ടാങ്കോയും, ടിന്റോയും അവസാനമായി ഇരുവശവും കാവൽ നിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ ഹൃദയഭേദകമാവുന്നത്.