എറണാകുളം: സ്ത്രീത്വത്തെ അപമാനിച്ചെന്ന വനിതാ നിർമാതാവിന്റെ പരാതിയിലെടുത്ത കേസിൽ പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകില്ല. പ്രതികളായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അംഗങ്ങൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ നിർദ്ദേശം നൽകിയത്. അറസ്റ്റുണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ പ്രോസിക്യൂഷനോടും കോടതി നിർദ്ദേശിച്ചു.
നിർമാതാക്കളായ ആന്റോ ജോസഫ്, ബി. രാകേഷ്, ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെട 9 പേർക്കെതിരെയാണ് വനിതാ നിർമാതാവ് പരാതി നൽകിയത്. തങ്ങൾക്കെതിരായ കുറ്റം നിലനിൽക്കുന്നതല്ലെന്ന് ഹർജിക്കാർ കോടതിക്ക് മുൻപാകെ വാദിച്ചു. ഇതുസംബന്ധിച്ച മുൻകൂർ ജാമ്യാപേക്ഷ 15-ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
പരാതിക്കാരി നിർമിച്ച സിനിമയുമായി ബന്ധപ്പെട്ട തർക്കത്തിൽ അസോസിയേഷന് പരാതി നൽകിയിരുന്നു. ഇത് പരിഹരിക്കാൻ, അസോസിയേഷൻ ഭാരവാഹികൾ യോഗത്തിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നും സ്ത്രീത്വത്തെ അപമാനിച്ചുമെന്നുമാണ് പരാതി. പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നിലാണ് നിർമാതാവ് പരാതി നൽകിയത്.















