ന്യൂഡൽഹി: തീവ്ര ഇസ്ലാമിക സംഘടനയായ ഹിസ്ബ്- ഉത്- തഹ്‌രീറിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. വിവിധ സമൂഹമാദ്ധ്യമങ്ങൾ വഴിയും സുരക്ഷിത ആപ്പുകൾ വഴിയും ‘ ദവ’ യോഗങ്ങൾ സംഘടിപ്പിച്ച് ഭീകര പ്രവർത്തനങ്ങളെ സംഘടന പ്രാത്സാഹിപ്പിക്കുന്നതായി കേന്ദ്രസർക്കാർ കണ്ടെത്തി. യുവാക്കളെ ഭീകരരാക്കുന്നതിന് മുൻകൈ എടുക്കുന്നതായും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സംഘടനയ്‌ക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പ്രസ്താവനയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
” ഭീകരവാദ പ്രവർത്തനങ്ങൾ തടയുക എന്ന പ്രധാനമന്ത്രിയുടെ നയത്തിന്റെ ഭാഗമായി ഹിസ്ബ്- ഉത്- തഹ്‌രീർ ഭീകരവാദ സംഘടനയായി പ്രഖ്യാപിക്കുന്നു. ഇന്ത്യയിലും രാജ്യമെമ്പാടും ഖിലാഫത്ത് നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയും ലോകത്തെ ഇസ്ലാമിക രാജ്യമാക്കി മാറ്റുക എന്ന ഉദ്ദേശ്യത്തോടും സംഘടന പ്രവർത്തിക്കുന്നതായി കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചും മറ്റ് ആപ്പുകൾ ഉപയോഗിച്ചും യുവാക്കളെ ഭീകരവാദത്തിലേക്ക് ക്ഷണിക്കുന്ന വിധത്തിൽ ദവ മീറ്റിംഗുകൾ സംഘടന നടത്തുന്നുണ്ട്. ഇന്ത്യയിലെ വിവിധ ഭീകരവാദ പ്രവർത്തനങ്ങളിൽ ഈ സംഘടന പങ്കെടുത്തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ വിശ്വസിക്കുന്നു. അതിനാൽ ഹിസ്ബ്- ഉത്- തഹ്‌രീറിനെ ഭീകരവാദ സംഘടനയായി പ്രഖ്യാപിക്കുന്നു.”- അമിത് ഷാ പറഞ്ഞു.
1953-ൽ ലെബനനിലെ ബെയ്‌റൂട്ടിൽ ഒരു രാഷ്‌ട്രീയ സംഘടനയയാണ് ഹിസ്ബ്-ഉത്-തഹ്രീർ സ്ഥാപിച്ചത്. പലസ്തീൻ ഇസ്ലാമിക പണ്ഡിതനായ തഖി അൽ ദിൻ അൽ നബ്ഹായാണ് സ്ഥാപകൻ. തുടർന്ന് 50 ലധികം രാജ്യങ്ങളിലേക്ക് ഈ സംഘടന വ്യാപിക്കുകയായിരുന്നു. യുകെ പോലുള്ള പാശ്ചാത്യ രാജ്യങ്ങളിലും നിരവധി അറബ് രാജ്യങ്ങളിലും ഈ സംഘടനയെ നിരോധിച്ചിട്ടുണ്ട്.