കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പ്രൗഢോജ്വലമായ സ്വീകരണമൊരുക്കി കൊല്ലം പൗരാവലി. തുറന്ന വാഹനത്തിലെത്തിയ സുരേഷ് ഗോപിയുടെ റോഡ് ഷോയിൽ നിരവധി പേർ പങ്കെടുത്തു. തുടർന്ന് ഓഡിറ്റോറിയത്തിൽ നടന്ന ആദരിക്കൽ ചടങ്ങിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് മുഖ്യാതിഥിയായി.
ജന്മനാടിന്റെ ഊഷ്മള സ്വീകരണമാണ് സുരേഷ് ഗോപിക്കായി ജനങ്ങൾ ഒരുക്കിയത്. അദ്ദേഹത്തെ പുഷ്പഹാരം അണിയിച്ചും പൂച്ചെണ്ടുകൾ നൽകിയും ജനങ്ങൾ തുറന്ന വാഹനത്തിൽ ആനയിച്ചു. തുടർന്ന് സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന ഗുരുപൂജാ ചടങ്ങിൽ സുരേഷ് ഗോപിയെ പഠിപ്പിച്ച മൂന്ന് അദ്ധ്യാപകരെ അദ്ദേഹം പൊന്നാട അണിയിച്ച് ആദരിച്ചു. സുരേഷ് ഗോപിയെന്ന മനുഷ്യ സ്‌നേഹിയുടെ വിജയമാണ് ഇന്ന് കേന്ദ്രമന്ത്രി പദവിയിലെത്തിച്ചിരിക്കുന്നതെന്നും ഒരു നടൻ എന്നതിലുപരി ബന്ധങ്ങളും സൗഹൃദങ്ങളും കാത്തുസൂക്ഷിക്കുന്ന പച്ചയായ മനുഷ്യനാണ് അദ്ദേഹമെന്നും പരിപാടിയുടെ സംഘാടകർ പറഞ്ഞു.
നേരത്തെ സുരേഷ് ഗോപി പഠിച്ച വിദ്യാലയമായ കൊല്ലം തങ്കശേരി ഇന്റഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളിൽ പൂർവവിദ്യാർത്ഥി സംഘടനയും സ്‌കൂളും ചേർന്ന് ഒരുക്കിയ സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. അദ്ധ്യാപകരിൽ നിന്നും കിട്ടിയ ചൂരൽ കഷായത്തെ കുറിച്ചും സ്‌കൂൾ ജീവിതത്തെ കുറിച്ചുമുള്ള മധുരമേറിയ ഓർമ്മകൾ അദ്ദേഹം കുട്ടികളുമായി പങ്കുവച്ചിരുന്നു.